എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമന നിരോധനം; പ്രതിഷേധവുമായി ടീച്ചേഴ്സ് ഗില്‍ഡ്
1485798
Tuesday, December 10, 2024 6:02 AM IST
ഇരിട്ടി: എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഭിന്നശേഷി സംവരണ പ്രശ്നം ഉന്നയിച്ച് ദിവസ വേതന അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ശമ്പള സ്കെയില്‍ പുനഃസ്ഥാപിച്ച് നിയമന അംഗീകാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തലശേരി അതിരൂപത കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എടൂര്‍ സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രതിഷേധദിനം സംഘടിപ്പിച്ചു.
തലശേരി അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലും അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.
ഭിന്നശേഷി സംവരണം നടപ്പിലാക്കി അവര്‍ക്ക് തസ്തികകള്‍ മാറ്റിവച്ചിട്ടും ഭിന്നശേഷിക്കാര്‍ വന്ന് നിയമനം നേടാത്തതിന്റെ നിയമപ്രശ്നങ്ങളുടെ ഉത്തരവാദിത്വം സാധാരണ അധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം. എയ്ഡഡ് വിദ്യാഭ്യാസമേഖലയോടുള്ള ഈ ഇരട്ടത്താപ്പ് നയം ഉപേക്ഷിച്ച് നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് അധ്യാപകരുടെ സ്ഥിര നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം തലശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജരും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടറുമായ ഫാ. മാത്യു ശാസ്താംപടവില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് വടക്കേമുറിയില്‍, അസി. മാനേജര്‍ ഫാ. നിതിന്‍ പൂകമല, പ്രിന്‍സിപ്പല്‍ ലിന്‍സി പി. സാം, റോബിന്‍സ് എം ഐസക്, യോമസ് എന്നിവര്‍ പ്രസംഗിച്ചു. എടൂര്‍, വെളിമാനം സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.