നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ആശുപത്രിയിലേക്ക് പ്രക്ഷോഭപരമ്പര; ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരിക്ക്
1485800
Tuesday, December 10, 2024 6:02 AM IST
കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി-യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ചില്‍ വ്യാപകസംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ലാത്തിയടിയേറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോമോന് ജോസിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു.
ജില്ലാ ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ് എച്ച്. ആര്. വിനീത്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് അനൂപ് ഓര്‍ച്ച, ഷാഹിദ് പുലിക്കുന്ന് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അറിയിച്ചു.
എസ്എഫ്ഐ നടത്തിയ മാര്ച്ചിനെതുടര്ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറു നേതാക്കള്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. കാസര്‍ഗോഡ് ഏരിയ പ്രസിഡന്റ് അനുരാജ്, ചെറുവത്തൂര്‍ ഏരിയ സെക്രട്ടറി അഭിനന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ എന്നിവരെ സാരമായ പരിക്കേറ്റ് കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് അനുരാഗ് പുല്ലൂര്‍, എളേരി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അജിത് ചന്ദ്രന്, തൃക്കരിപ്പൂര്‍ ഏരിയ പ്രസിഡന്റ് കാര്‍ത്തിക് എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിവില്‍ പോലീസുദ്യോഗസ്ഥരായ വിനീത്, അജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു. എബിവിപി നടത്തിയ മാര്‍ച്ചിലും പോലീസ് ലാത്തിവീശി.
കേസെടുക്കാന്‍
മടിച്ച് പോലീസ്
ഡിവൈഎസ്പിയുമായി ഇന്നലെ രാത്രി വൈകിയും ആശുപത്രി മാനേജ്മെന്റും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ചര്‍ച്ച നടത്തി. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഒടുവില്‍ കേസെടുത്തേ തീരൂവെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും നിര്‍ബന്ധം പിടിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മാര്ട്ടിന് ഏബ്രഹാമും വിനോദും സമരക്കാരെ അകാരണമായി തല്ലിച്ചതച്ചതില്‍ പ്രതിഷേധമറിയിച്ചശേഷം ചര്‍ച്ചയില്‍ പങ്കെടുക്കാതെ മടങ്ങി.
നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരം
കാഞ്ഞങ്ങാട്: ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്നാംവര്‍ഷ നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരം. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി നിലവില്‍ കോമ സ്റ്റേജിലാണുള്ളത്. വെള്ളിയാഴ്ച നടന്ന ഒന്നാംവര്‍ഷ സപ്ലിമെന്ററി പരീക്ഷ ബുദ്ധിമുട്ടായിരുന്നതിന്റെ വിഷമത്തിലായിരുന്നു വിദ്യാര്‍ഥിനിയെന്നും അതാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നുമാണ് നഴ്സിംഗ് കോളജ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ മോശം പെരുമാറ്റമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും തിരികെയെത്തിയപ്പോഴും വാര്ഡന് വിദ്യാര്‍ഥിനിയോട് മോശമായി സംസാരിച്ചതായി സഹപാഠികള്‍ പറയുന്നു.