നവീൻ ബാബുവുമായി സംസാരിച്ചിട്ടില്ല; അൻവറിനെതിരേ നിയമ നടപടിയെന്ന് പി. ശശി
1485657
Monday, December 9, 2024 7:11 AM IST
കണ്ണൂർ: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. നവീൻ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ലെന്ന് പി. ശശി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
നുണകള്‍ പറഞ്ഞുമാത്രം നിലനില്ക്കേണ്ട ഗതികേടില്‍ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് അൻവറിന്റെ പ്രസ്താവനയെന്ന് പി. ശശി പരിഹസിച്ചു. അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും പി.ശശി വ്യക്തമാക്കി. എഡിഎം നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ കണ്ണൂർ എഡിഎം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നുമായിരുന്നു ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പി.വി. അൻവറിന്റെ ആരോപണം.
ശശിയുടെ സമ്മർദ്ദത്തെക്കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും അൻവർ പറഞ്ഞിരുന്നു.