കണ്ണൂർ എസ്എൻ കോളജും പയ്യന്നൂർ കോളജും ചാമ്പ്യൻമാർ
1485654
Monday, December 9, 2024 7:11 AM IST
ധർമശാല: കണ്ണൂർ സർവകലാശാല കായിക മേളയിൽ പുരുഷവിഭാഗത്തിൽ 67 പോയിന്റുമായി കണ്ണൂർ എസ്എൻ കോളജും വനിതാ വിഭാഗത്തിൽ 64 പോയിന്റുമായി പയ്യന്നൂർ കോളജും ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ പയ്യന്നൂർ കോളജ് 39 പോയിന്റുമായി രണ്ടാം സ്ഥാനവും 21 പോയിന്റുമായി തലശേരി ബ്രണ്ണൻ കോളജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ 54 പോയിന്റുമായി തലശേരി ബ്രണ്ണൻ കോളജ് രണ്ടാംസ്ഥാനവും 22 പോയിന്റുമായി എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ കോളജ് മൂന്നാം സ്ഥാനവും നേടി.
പത്തു വർഷങ്ങൾക്ക് ശേഷമാണ് എസ്എൻ കോളജ് കണ്ണൂർ പുരുഷ വിഭാഗം ചാമ്പ്യൻമാരാകുന്നത്. മേളയിൽ 10000 മീറ്ററിൽ പയ്യന്നൂർ കോളജിലെ മുഹമ്മദ് സബീലും, 400 മീറ്റർ ഹർഡിൽസിൽ ഗവ. ബ്രണ്ണൻ കോളജിന്റെ ഡെൽവിൻ ഫിലിപ്പും, പോൾവാൾട്ടിൽ പയ്യന്നൂർ കോളജിന്റെ അതുൽ രാജും പുതിയ മീറ്റ് റിക്കാർഡുകൾ സ്ഥാപിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ജോസഫ് തോമസ് ട്രോഫി വിതരണം ചെയ്തു. പ്രഫ. ആർ അനിൽ അധ്യക്ഷത വഹിച്ചു. വൈഷ്ണവ് മഹേന്ദ്രൻ, ജോ ജോസഫ്,കെ.വി. ദേവസ്യ, സുവർണ ശങ്കർ, വി.എ. വിൽസൺ എന്നിവർ പങ്കെടുത്തു.