മാടായി കോളജിൽ സിപിഎം പ്രവർത്തകന് ജോലി: എം.കെ. രാഘവന് എംപിയുടെ കോലം കത്തിച്ചു
1485797
Tuesday, December 10, 2024 6:02 AM IST
കോൺഗ്രസിൽ പൊട്ടിത്തെറി
മാടായി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളജില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിന്റെ ബ്ലോക്ക്- പഞ്ചായത്ത് തല ഭാരവാഹികള്‍ രാജിവച്ചു. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ ഡിസിസി സെക്രട്ടറി നല്കിയ ഉറപ്പുകള്‍ മാടായി കോളജ് ഭരണസമിതി ചെയര്മാന് എം.കെ. രാഘവന് ധിക്കരിച്ച് നടത്തിയ നിയമനമാണ് പൊട്ടിത്തെറിക്കിടയാക്കിയത്.
കോണ്‍ഗ്രസിന്റെ നിരവധി പ്രവര്‍ത്തകരും യോഗ്യതയുള്ളവരും ഉണ്ടായിട്ടും അവരെയൊക്കെ തഴഞ്ഞ് പണം വാങ്ങി സിപിഎം പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരെ മാടായി കോളജ് ഭരണസമിതിയില്‍ അസ്വാരസ്യങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കുന്നതിനെതിരെ ഇന്റര്‍വ്യൂ നടന്ന ദിവസം കാപ്പാട് ശശിധരന് അരുണ്‍ കൃഷ്ണന്, കെ.പി. ശശി, കെ.പി. സതീഷ് എന്നീ കോണ്‍ഗ്രസിന്റെ സജീവ ഭാരവാഹികള്‍ എം.കെ. രാഘവന്റെ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
ഈ നാലു പേരെ സസ്പെന്‍ഡ് ചെയ്തിരുന്നത് എം.കെ. രാഘവന് ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് എന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഡിസിസി സെക്രട്ടറി ഇവരുമായി സംസാരിക്കുകയും സസ്പെന്ഷന് പിന്‍വലിക്കാമെന്നും പ്രശ്നങ്ങള്‍ക്ക് ആധാരമായ നിയമനം നടത്തുകയില്ല എന്നും ഉറപ്പു നല്‍കിയിരുന്നു.
ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് കോളജിലെ നാല് നിയമനങ്ങളില്‍ മൂന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് എം.കെ. രാഘവന് നല്‍കിയെന്നതാണ് പുതിയ പരാതി. ഈ സംഭവം മാടായിയിലെയും സമീപ പ്രദേശങ്ങളിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധമാണുണ്ടാക്കിയത്.
ഇന്നലെ മാടായി പഞ്ചായത്തിന് സമീപം നിന്ന് ആരംഭിച്ച് എരിപുരം പോലീസ് സ്റ്റേഷനു മുന്നിലൂടെ പഴയങ്ങാടി ബസ്സ്റ്റാന്റില് സമാപിച്ച പ്രതിഷേധ പ്രകടനത്തിനൊടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.കെ. രാഘവന്റെ കോലം കത്തിച്ചു. പ്രതിഷേധ യോഗത്തില്‍ കെ.പി. ശശി അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കാപ്പാട് ശശിധരന്, കുഞ്ഞിമംഗലം മണ്ഡലം സെക്രട്ടറി കെ.വി. സതീശന്, മാടായി ബ്ലോക്ക് സെക്രട്ടറി വത്സന് കൃഷ്ണന് എം. ജവഹര്‍ ബാല മഞ്ച് ജില്ലാ കമ്മിറ്റി അംഗം എം.പി. രാധാകൃഷ്ണന് മണ്ഡലം മുന്‍ പ്രസിഡന്റ് പി.വി. സുമേഷ് തുടങ്ങി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുന്നത്
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി,ചെറുതാഴം-കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചതായാണ് വിവരം. ബ്ലോക്ക് പ്രസിഡന്റ് മറ്റു ഭാരവാഹികളും രാജി പ്രഖ്യാപിച്ചതായും മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളുള്‍പ്പെടെ ഇന്ന് രാജിവയ്ക്കുമെന്ന സൂചനയുമുണ്ട്.
അതേസമയം എം.കെ.രാഘവന് അനുകൂലികളെന്ന് പറയപ്പെടുന്ന കെ.കെ.ഫല്ഗുനന്, എം.പ്രദീപ് കുമാര്‍, ടി.കരുണാകരന്, പി.ടി.പ്രദീഷ്, എം.കെ. ബാലകൃഷ്ണന് എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒഴിവാക്കിയതായി ഡിസിസി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.