കാടുകയറിയ വില്ലേജ് നോളജ് സെന്റർ
1485396
Sunday, December 8, 2024 6:47 AM IST
ചപ്പാരപ്പടവ്: പാതിവഴിയിലായ പദ്ധതികൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ കാടുകയറിയ മറ്റൊരു പദ്ധതി കൂടി. ചപ്പാരപ്പടവ് പഞ്ചായത്തിൽപെട്ട ഒടുവള്ളിത്തട്ടിലെ വില്ലേജ് നോളജ് സെന്ററിനാണ് ഈ ദുർഗതി. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച വില്ലേജ് നോളജ് സെന്റർ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണ് പണി പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ സാമൂഹിക വിരുദ്ധർക്ക് വിട്ട് കൊടുത്തിരിക്കുന്നത്.
ഒടുവള്ളിത്തട്ട് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ കെട്ടിടം. രാത്രികാലങ്ങളിൽ മദ്യപരുടെയും ചീട്ട് കളി സംഘങ്ങളുടെയും ഇടത്താവളമാണിവിടം. രാത്രിയിലെ ബസ് കാത്തിരിപ്പുകാർക്ക് ഇവർ ഏറെ ഭീഷണിയാണ്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഒടുവള്ളിതട്ടിൽ വില്ലേജ് നോളജ് സെന്റർ നിർമിച്ചപ്പോൾ തന്നെ ധർമടത്തും ഇതുപോലൊരു നോളജ് സെൻറർ നിർമിച്ചിരുന്നു. അതും സമാനമായ അവസ്ഥയിലാണ്.
സ്ഥലം പഞ്ചായത്തിന്റേതാണെങ്കിലും കെട്ടിടം ഇതുവരെ പഞ്ചായത്തിന് വിട്ടു നല്കിയിട്ടുമില്ല. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഈ കെട്ടിടം ഉപയോഗപ്രദമാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നിരുന്നു.കെട്ടിടം പഞ്ചായത്തിനെ ഏൽപ്പിച്ചാൽ ആവശ്യമായ ജീവനക്കാരേയും പഞ്ചായത്തുതന്നെ കണ്ടെത്തി അവർക്ക് വേദനം നല്കണം.