പ്രകൃതിശാസ്ത്ര പുസ്തകങ്ങൾക്ക് ഡിജിറ്റൽ പുനർജീവനം
1485659
Monday, December 9, 2024 7:11 AM IST
കണ്ണൂർ: കഴിഞ്ഞകാല അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമായ വിക്കിഗ്രന്ഥശാല പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകസ്കാനുകൾ, യൂണിക്കോഡ് മലയാളത്തിൽ ടൈപ്പ് ചെയ്തും തെറ്റുതിരുത്തൽ നടത്തിയും വിദ്യാർഥികൾ. എസ്എസ്എഫ്ഒഎസ്എസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ മലയാളം വിക്കിസോഴ്സ് അഡ്മിനിസ്ട്രേറ്റർ മനോജ് കരിങ്ങാമഠത്തിൽ ക്ലാസ് നയിച്ചു.
പകർപ്പാവകാശ കാലാവധി കഴിഞ്ഞ കൂടുതൽ പുസ്തകങ്ങൾ കണ്ടെത്തി, താത്പര്യമുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റൈലൈസ് ചെയ്ത് ഓൺലൈനിൽ എത്തിയ്ക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് മേധാവി സ്നേഹ പറഞ്ഞു.
ഇതിലൂടെ വിവിധ വിഷയങ്ങളിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങൾ പരിചയപ്പെടാനും, കൂടെ അത് വായിച്ച് മനസിലാക്കി, മലയാളം ടൈപ്പ് ചെയാനുമുള്ള ശേഷിയും കുട്ടികൾ നേടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഫോസ് ക്ലബിന്റെ ഉദ്ഘാടനം ഡോ. ബിനുമോൾ പി. കുര്യാക്കോസ് നിർവഹിച്ചു. അബ്ദുൾ ബാസിത്, സി. സ്നേഹ, ഡോ. താജോ ഏബ്രഹാം, ജഹാന ഇസത്ത് എന്നിവർ പ്രസംഗിച്ചു.