ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
1486297
Wednesday, December 11, 2024 8:20 AM IST
തലശേരി: അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തലശേരി താലൂക്ക് അദാലത്ത് തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി ഒ.ആർ. കേളു മുഖ്യാതിഥിയായി. കരുതലും കൈത്താങ്ങും അദാലത്തിൽ 415 പരാതികൾ പരിഗണിച്ചു. 139 പരാതികൾ തീർപ്പാക്കി. 87 പരാതികളിൽ നടപടി സ്വീകരിച്ചു വരുന്നു. ആറ് വരെ ഓൺലൈനായും നേരിട്ടും ലഭിച്ച പരാതികൾ 226. ഇന്നലെ നേരിട്ട് 189 പരാതികൾ സ്വീകരിച്ചു.
അന്ത്യോദയ അന്നയോജന (എഎവൈ), പിഎച്ച്എച്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ച 19 പേർക്ക് അദാലത്തിൽ കാർഡുകൾ വിതരണം ചെയ്തു. മുൻഗണന റേഷൻ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ലീല കാവുംഭാഗത്തിന് എഎവൈ റേഷൻ കാർഡ് നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.
കെ.പി. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്ര കുറുപ്പ്, തലശേരി നഗരസഭാ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, തലശേരി തഹസിൽദാർ എം. വിജേഷ്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.