വേഗക്കുതിപ്പിൽ സൂര്യദേവും അനാമികയും
1485393
Sunday, December 8, 2024 6:47 AM IST
ധർമശാല: കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി കണ്ണൂർ എസ്എൻ കോളജിലെ എസ്. സൂര്യദേവും, മൊറാഴ ആർട്സ് ആൻഡ് സ്പോർട്സ് കോളജിലെ അനാമിക അജയും. പുരുഷന്മാരുടെ വാശിയേറിയ മത്സരത്തിൽ 11. 03 സെക്കഡിലാണ് എസ്. സൂര്യദേവ് സ്വർണം നേടിയത്. കണ്ണൂർ അത്ലറ്റിക് അക്കാദമിയിലെ വരുൺ ശ്രീശനും എസ്എൻ കോളജിലെ ജിജിത്ത് ,രാഹുൽ എന്നിവരുമാണ് സൂര്യദേവിന്റെ പരിശീലകർ.
പാനൂർ ചമ്പാട് സ്വദേശി സുനിൽകുമാർ പുഷ്പ ദമ്പതികളുടെ മകനാണ് സൂര്യദേവ്.പരിശീലനത്തിടെ കാൽമുട്ടിനേറ്റ പരിക്ക് വകവയ്ക്കാതെ കുതിച്ച് സ്വർണം നേടുകയായിരുന്നു മൊറാഴ ആർട്സ് ആൻഡ് സ്പോർട്സ് കോളജിലെ അനാമിക അജയ്.13.5 സെക്കൻഡിലാണ് അനാമിക സ്വർണം നേടിയത്. കഴിഞ്ഞ വർഷം 200 മീറ്ററിലെ ജേതാവും അനാമിക തന്നെയാണ്. മൊറാഴ ആർട്സ് ആൻഡ് സ്പോർട്സ് കോളജിലെ നാരായണൻകുട്ടിയാണ് അനാമികയുടെ പരിശീലകൻ. മൊറാഴ സ്വദേശി അജയ് -ധന്യ ദമ്പതികളുടെ മകളാണ് അനാമിക.