സബ് കളക്ടറുടെ പ്രഖ്യാപനത്തിന് പുല്ലുവില; പൂക്കുണ്ടിൽ റീ സർവേ വീണ്ടും നിർത്തിവച്ചു
1485788
Tuesday, December 10, 2024 6:02 AM IST
കേളകം: തലശേരി സബ് കളക്ടർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി നാട്ടുകാർക്ക് നൽകിയ ഉറപ്പുകൾ വെറുതെയായി. ആറളം പുഴയുടെ രേഖ വച്ച് ചീങ്കണ്ണിപ്പുഴയോരത്തെ ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്താനുള്ള ശ്രമത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സർവേ നടപടികൾ നിർത്തിവച്ച് സംഘം മടങ്ങി. പൂക്കുണ്ട് ചീങ്കണ്ണിപ്പുഴയോരത്തെ കൈവശ ഭൂമിയിലെ അളവ് സർവേ ടീമിന്റെ സാങ്കേതിക പിഴവുകൾ മൂലമാണ് നിർത്തിവച്ചത് എന്ന് കർഷകർ. തുടക്കത്തിൽ തന്നെ തർക്ക ഭൂമിയിലെ വിഷയങ്ങൾ പരിഹരിക്കാനുള്ള അളവുകൾ നടത്തണമെന്നതായിരുന്നു
നാട്ടുകാരുടെ ആവശ്യം.
തർക്ക ഭൂമിയിലെ വിവാദ അളവുകൾ എന്റെ ഭൂമി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷമാണ് സംഘം അളവിനെത്തിയത്. ഇത് ചെയ്യില്ലെന്നും കേളകം വില്ലേജ് രേഖകൾ പ്രകാരം പരിശോധിച്ച ശേഷം മാത്രമേ പ്രസിദ്ധപ്പെടുത്തൂ എന്നുള്ള സബ് കളക്ടറുടെ ഉറപ്പിന്റെ ലംഘനമാണിതെന്ന് ജനങ്ങൾ ചൂണ്ടിക്കാണിച്ചു.
അനുബന്ധ ഭൂമികൾ അളന്നെങ്കിലേ ആ വിഷയം പരിഹരിക്കപ്പെടുകയുള്ളൂയെന്ന് പറഞ്ഞതിനാൽ അനുബന്ധ ഭൂമികൾ അളക്കാൻ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ തവണ അളവ് പൂർത്തിയാക്കിയ പാലത്തിങ്കൽ മേഴ്സിയുടെ സ്ഥലത്തോട് ചേർന്നുള്ള ചീങ്കണ്ണി പുഴയോരത്തെ തന്നെ സ്ഥലങ്ങളായ പാലത്തിങ്കൽ ബെസി, അറക്കൽ തോമസ്, ചോലമറ്റം ഡിബിൻ എന്നീ സ്ഥലമുടമകളുടെ ഭൂമിയുടെ അളവുകൾ തുടങ്ങി. അളവ് പൂർത്തിയായപ്പോൾ സ്ഥലത്തിന്റെ അതിരുകളും വിസ്തീർണവും ഉടമകൾ ആവശ്യപ്പെട്ടു. എന്നാൽ അത് പറയുവാൻ സർവേ ടീം തയാറായില്ല. അവർക്ക് നിലവിലെ സംവിധാനങ്ങൾവച്ച് അത് പറയുവാൻ സാധിക്കുന്നില്ല എന്നായിരുന്നു വിശദീകരണം.
എന്നാൽ തങ്ങളുടെ സ്ഥലത്തിന്റെ അളവുകൾ അറിഞ്ഞാൽ മാത്രമേ അപര്യാപ്തതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും, പരാതിപ്പെടാനും സാധിക്കുകയുള്ളൂ എന്ന് ഉടമകൾ അറിയിച്ചപ്പോൾ അത് തങ്ങളുടെ വിഷയമല്ല എന്നായിരുന്നു സർവേ വിഭാഗത്തിന്റെ നിലപാട്. ഇത് സാമാന്യ യുക്തിക്ക് നിരക്കാത്ത സമീപനമാണ് എന്ന് കർഷകരും.തുടർന്ന് സർവേ നിർത്തിവയ്ക്കപ്പെടുകയായിരുന്നു.
അതിരുകൾ മുൻ രേഖകൾ പ്രകാരം സർവേ ടീമിന് കൃത്യമായി അറിയാമെന്നിരിക്കെയാണ് ഒളിച്ചുകളി നടത്തിയത്. ജനങ്ങളെ പരിഭ്രാന്തരാക്കുകയും ആറളം വന്യജീവി സങ്കേതത്തിന്റെ അധിനിവേശത്തിന് ഒത്താശ ചെയ്യലുമാണ് സർവേ എന്ന പേരിൽ നടത്തുന്നത് എന്നാണ് ആരോപണം.ഇത് ജനാധിപത്യവിരുധവും, ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ പറഞ്ഞു.
റീസര്‍വേയുടെ പേരില്‍ നടക്കുന്നത് തുടര്‍ച്ചയായ
ജനദ്രോഹ നടപടി: സണ്ണി ജോസഫ് എംഎല്‍എ
കേളകം: റീസര്‍വേയുടെ പേരില്‍ നടക്കുന്നത് തുടര്‍ച്ചയായ ജനദ്രോഹ നടപടികളാണെന്ന് സണ്ണി ജോസഫ് എംഎല്‍എ. റീസര്‍വേ സംബന്ധിച്ച് വ്യക്തതയില്ലാത്ത നിലപാടാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്നതെന്നും എംഎല്‍എ കേളകത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തമായ അതിര്‍ത്തിയും രേഖയുമുളളതായ സ്ഥലം എങ്ങനെ പുറമ്പോക്കാകുമെന്നും സണ്ണി ജോസഫ് ചോദിച്ചു. കര്‍ഷകരുടെ കൈവശഭൂമിയുടെ അവകാശത്തിന്മേല് യാതൊരു കോട്ടവും ഇല്ലെന്ന നിലയിലുള്ള തീരുമാനം ഉണ്ടാകണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷേഭം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ചീങ്കണ്ണി പുഴയെ ആറളം വില്ലേജില്‍ ഉള്‍പ്പെടുത്തി വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കാനുളള ശ്രമവും നടക്കുന്നതായി ലിസി ജോസഫ് പറഞ്ഞു. പൂക്കുണ്ട് പ്രദേശത്തെ ഒരു കര്‍ഷകന്റെ സ്ഥലം പോലും പോകാന്‍ അനുവധിക്കില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് പറഞ്ഞു. വര്‍ഗീസ് ജോസഫ് നടപ്പുറം, ജോയി വേളുപുഴ, വില്‍സണ്‍ കൊച്ചുപുര, സജി മഠത്തില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.