ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം; പ്രവർത്തനം തുടങ്ങാതെ പകൽവീട്
1485665
Monday, December 9, 2024 7:11 AM IST
ചപ്പാരപ്പടവ്: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം ആകാറായിട്ടും ചപ്പാരപ്പടവിലെ പകല്‍വീട് തുറന്നിട്ടില്ല. കെട്ടിടം കെട്ടിടം പണി തുടങ്ങിയപ്പോൾ സ്ഥാപിച്ചിരിക്കുന്ന ശിലാ ഫലകത്തിൽ വയോജന കേന്ദ്രം എന്നും, സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എസ്.പി. റംലത്ത് എന്നുമാണ്. എന്നാൽ കെട്ടിടം പണിപൂർത്തീകരിച്ചപ്പോൾ പകൽവീട് എന്നും കെട്ടിടത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് എം. ഇബ്രാഹിം ഹാജി എന്നുമാണ് ശിലാഫലകത്തിൽ കാണുന്നത്.
2022 മേയ് 30നാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. 2024 ജനുവരി ഒന്നിന് നവവത്സര സമ്മാനമായി പണി പൂർത്തിയാക്കി പകല്‍വീട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണനാണ് രണ്ടു പ്രാവശ്യവും ഉദ്ഘാടനം നിര്‍വഹിച്ചത്.
കുറച്ച് കസേരകളും ഒരുമേശയും ഇതിനകത്ത് കൊണ്ടുവന്നിട്ടതൊഴിച്ചാല് പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനേക്കിയിട്ടില്ല. കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന് ഇതേവരെ ലഭിച്ചിട്ടില്ല. ചുറ്റിലും കാടുകയറി കിടക്കുന്നതിനാല്‍ ആരും തന്നെ പകല്‍വീടിന്റെ പരിസരത്തുപേലും വരുന്നില്ല.
ചപ്പാരപ്പടവ് പുഴയുടെ കരയിലായതിനാല്‍ മണ്ണിടിഞ്ഞ് കെട്ടിടം തകരാനുള്ള സാധ്യതയും ഏറെയാണ്. കെട്ടിടത്തിന്റെ പുറകിൽ ആവശ്യമായ സംരക്ഷണം ഒരുക്കുകയോ പുഴയോരത്ത് നിന്ന് ആവശ്യമായ അകലം, കെട്ടിട നിർമാണത്തിൽ പാലിക്കുകയോ ചെയ്തതായി കാണുന്നില്ല. റോഡിൽ വളവ് ഉള്ള സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. റോഡിൽ നിന്നും കെട്ടിടത്തിലേക്ക് ആവശ്യമായ അകലം ഇല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
പൊതുജനങ്ങൾ പണിയുന്ന കെട്ടിടങ്ങൾക്ക് നിസാര കാര്യങ്ങൾക്കുപോലും അനുമതി നിഷേധിക്കുമ്പോൾ പഞ്ചായത്ത് നേരിട്ട് പണിയുന്ന കെട്ടിടങ്ങൾക്ക് ചട്ടങ്ങൾ ബാധകമല്ലേ എന്ന ചോദ്യവും ഉയരുന്നു. വയോധികര്‍ക്ക് പകല്‍ ഒത്തുചേരാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച പകല്‍വീട് ഫലത്തില്‍ നോക്കുകുത്തിയായി മാറിയിരിക്കയാണ്.