കൂവേരി കടവിൽ കോൺക്രീറ്റ് പാലമെന്ന ആവശ്യം കേൾക്കാതെ അധികൃതർ
1485791
Tuesday, December 10, 2024 6:02 AM IST
ചപ്പാരപ്പടവ്: പഴയ വാണിജ്യ കേന്ദ്രവും ചരിത്രസാക്ഷിയുമായ കൂവേരിക്കടവിൽ നിലവിലെ തൂക്കുപാലം സംരക്ഷിച്ച് പുതിയ കോൺക്രീറ്റ് പാലം പണിയണമെന്ന പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യത്തോട് മുഖം തിരിച്ച് അധികൃതർ. ഇന്ന് തൂക്ക് പാലം നിൽക്കുന്ന കൂവേരി ബോട്ട്കടവ് ഒരു കാലത്ത് കൊച്ചു ഹാർബറും വൈകുന്നേരങ്ങളിൽ നൂറ് കണക്കിന് ആൾക്കാർ കൂടിച്ചേരുന്ന അങ്ങാടിയുമായിരുന്നു.
കൂവേരിയിൽ നിന്ന് മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് മലഞ്ചരക്ക് സാധനങ്ങളും മര ഉരുപ്പടികളും എത്തിച്ചുകൊണ്ടിരുന്നത് ജലഗതാഗ സംവിധാനമുപയോഗിച്ചായിരുന്നു. നാടുകാണി നിന്ന് കൂവേരി ബോട്ട്ജെട്ടി വരെ ഉണ്ടായിരുന്ന പുഴയ്ക്ക് അക്കരെ കൊട്ടക്കാനം വഴി കടന്ന് പോകുന്ന കരിവെള്ളൂർ കാവുമ്പായി റോഡ് മാത്രമാണ് കരമാർഗം കൂവേരി പുഴയുടെ ഇരുകരയിലേയും ജനങ്ങളുടെ ഏക ആശ്രയം. എട്ടു കിലോമീറ്റർ അധികം ചുറ്റി സഞ്ചരിച്ചാണ് നിലവിൽ ഇവിടുത്തുകാർ വാഹനഗതാഗതം നടത്തുന്നത്.
കൊട്ടക്കാനം യുപി സ്കൂളിലേക്ക് അടക്കം എത്തുന്ന ആളുകൾ നിലവിൽ തൂക്ക് പാലത്തെയാണ് ആശ്രയിക്കുന്നത്. ഇതിന് പുറമെ തേരണ്ടിപുഴക്ക് കുറുകെയും കടവിലില്ലാത്തതിനാൽ ആളുകൾ ആശ്രയിക്കുന്നത് കൂവേരിക്കടവിനെ തന്നെയാണ്. ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് തളിപ്പറമ്പ് ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കൂവേരി കോൺക്രീറ്റ് പാലം യാഥാർഥ്യമായാൽ സാധിക്കും.
ടി. കണ്ണൻ വൈദ്യർ, ഓളിയൻ രാമൻ, പി വി.കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയവരുടെ ശ്രമഫലമായി മുമ്പ് തന്നെ കൂവേരി ബോട്ട് കടവിൽ കോൺക്രീറ്റ് പാലം അനുവദിക്കാൻ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു.
അടുത്ത കാലത്ത് കൂവേരിക്കടവിൽ വീണ്ടും പ്രൊപ്പോസൽ വരികയും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാലന്റെ നേതൃത്വത്തിൽ ഇടപെടൽ നടത്തി സർവേയും അനുബന്ധ പ്രവർത്തനങ്ങളും പൂർത്തിയായതുമാണ്. ചില സാങ്കേതിക കാരണങ്ങളാൽ ഫയലുകൾ മടങ്ങി തുടർപ്രവർത്തനവും നിലച്ചു. ഇന്ന് അതിമനോഹരമായ കൂവേരി പുഴയും തീരങ്ങളും തൂക്കുപാലവും കാണാൻ നിരവധി ടൂറിസ്റ്റുകളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
കൂവേരിക്കടവ് തൂക്ക് പാലം നിലനിർത്തി കൊണ്ട് തന്നെ കൂവേരി പുഴയ്ക്ക് കുറുകെ പുതിയ കോൺക്രീറ്റ് പാലം അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.