സഹോദയ റോളർ സ്കേറ്റിംഗ്: മേരിഗിരിക്ക് ഓവറോൾ കിരീടം
1485663
Monday, December 9, 2024 7:11 AM IST
പൊടിക്കളം: സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ 101 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 59 പോയിന്റ് നേടിയ കക്കാട് ഭാരതീയ വിദ്യാഭവൻ, 58 പോയിന്റോടെ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി നാനൂറോളം കായികതാരങ്ങൾ പങ്കെടുത്ത മത്സരം മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ ഉദ്ഘാടനം ചെയ്തു. ഇൻലൈൻ, സ്ക്വാഡ് എന്നീയിനങ്ങളിൽ വിവിധ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 63 പോയിന്റ് നേടി മേരിഗിരി സ്കൂൾ ഒന്നാം സ്ഥാനവും 21 പോയിന്റുമായി വാരം റിംസ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും 20 വീതം പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയ, കക്കാട് ഭാരതീയ വിദ്യാഭവൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
ആൺകുട്ടികളുടെ വിഭാഗത്തിൽ 41 പോയിന്റ് നേടിയ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
39 പോയിന്റോടെ കക്കാട് ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനവും 38 പോയിന്റ് നേടിയ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും നേടി. സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.