കുടിയാന്മലയിൽ ആടുകളെ വന്യജീവി കടിച്ചുകൊന്നു; പുലിയെന്ന് സംശയം
1485391
Sunday, December 8, 2024 6:47 AM IST
ചെമ്പേരി: കുടിയാന്മല പ്രദേശത്ത് പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞദിവസം രാത്രി ചോലങ്കരിയിൽ ബിനോയിയുടെ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. ഒരു ആടിനെ ഭാഗികമായി തിന്ന നിലയിലാണ് കണ്ടെത്തിയത്.
റബർതോട്ടത്തിലെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് വന്യജീവി കൊന്നത്. ആടുകളുടെ കഴുത്തിലെ മുറിവുകൾ പുലി ആക്രമിച്ചതിനു സമാനമായ രീതിയിലാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. കാൽപ്പാടുകളോ മറ്റ് ലക്ഷണങ്ങളോ ലഭ്യമായിട്ടില്ലാത്തതിനാൽ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതരും ആക്രമിച്ച ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആടുകളുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ ആക്രമിച്ച ജീവിയേതാണെന്ന് മനസിലാക്കാൻ കഴിയൂ. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്.