കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റ്: എസ്എൻ കോളജും പയ്യന്നൂരും മുന്നിൽ
1485392
Sunday, December 8, 2024 6:47 AM IST
ധർമശാല: മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കുന്ന കണ്ണൂർ സർവകലാശാല അത്ലറ്റിക് മീറ്റിൽ ആദ്യ ദിനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 41 പോയിന്റുമായി കണ്ണൂർ എസ്എൻ കോളജ് മുന്നേറുന്നു.18 പോയിന്റുമായി പയ്യന്നൂർ കോളജ് രണ്ടാംസ്ഥാനത്തും 11 പോയിന്റുമായി ബ്രണ്ണൻ കോളജ് മൂന്നാം സ്ഥാനത്തുമാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ 26 പോയന്റുമായി പയ്യന്നൂർ കോളജ് ഒന്നാം സ്ഥാനത്തും 25 പോയിന്റുമായി തലശേരി ബ്രണ്ണൻ രണ്ടാംസ്ഥാനത്തും 14 പോയിന്റുമായി എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. കോളജ് മൂന്നാം സ്ഥാനത്തുമാണ്. രണ്ട് ദിവസങ്ങളിലായി 42 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്നലെ ഇരുപത് ഇനങ്ങൾ പൂർത്തിയായി.
വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു മീറ്റ് ഉദ്ഘാടനം നിർവഹിച്ചു. സിൻഡിക്കേറ്റ് മെംബർ ഡോ. എ.അശോകൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല കായിക പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് അത്ലറ്റിക് മീറ്റ് നടത്തുന്നത്. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 63 കോളജുകളിൽ നിന്നുമുള്ള ആയിരത്തോളം അത്ലറ്റുകൾ മാറ്റുരയ്ക്കുന്ന മീറ്റ് ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും.
ബ്രണ്ണന്റെ താരങ്ങളായി ഡെൽനയും ഡെൽവിനും
ധർമശാല: തലശേരി ബ്രണ്ണൻ കോളജിന്റെ അഭിമാനതാരങ്ങളായി സഹോദരങ്ങളായ ഡെൽന ഫിലിപ്പും ഡെൽവിൻ ഫിലിപ്പും. മീറ്റിന്റെ ആദ്യ ദിനത്തിൽ 100 മീറ്റർ ഹർഡിൽസിലാണ് ഡെൽനയുടെ സ്വർണം നേട്ടം. തുടർച്ചയായി ആറാം വർഷമാണ് ഡെൽന ഈ ഇനത്തിൽ സ്വർണം നേടുന്നത്. ഡെൻവിന് നൂറ് മീറ്ററിൽ വെള്ളിയും ലഭിച്ചു.ഇന്ന് നടക്കുന്ന 400 മീറ്റർ ഹർഡിൽസിൽ ഇരുവരും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കണ്ണൂർ സർവകലാശാലാ മീറ്റിൽ 100, 400 മീറ്റർ ഹർഡിൽസിൽ ഡെൽന സ്വർണം നേടിയിരുന്നു.
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും ഖേലോ ഇന്ത്യ മത്സരത്തിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടിയിരുന്നു. ഡെൽവിൻ ഫിലിപ്പ് കഴിഞ്ഞവർഷം സർവകലാശാലാ മീറ്റിൽ 100, 400 മീറ്റർ ഹർഡിൽസ് സ്വർണം നേടിയിരുന്നു. ചെറുപുഴ കടുമേനിയിലെ ഇരുപ്പുമലയിൽ ഫിലിപ്പ് -ബീന ദമ്പതികളുടെ മക്കളാണ് ഇരുവരും.