ദേശീയപാത വികസനം: കൊരട്ടി ജംഗ്ഷനിൽ നിർമാണം പുനരാരംഭിച്ചു
1540697
Tuesday, April 8, 2025 1:55 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ച നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചു.
റെയിൽവേ മേൽപ്പാലത്തിൽനിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ നിർമിച്ച കാന തകർന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവച്ച നിർമാണപ്രവൃത്തികളാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎയും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൊരട്ടി ജംഗ്ഷനിൽ നടക്കുന്ന മുഴുവൻ പണികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഐഐടി /എൻഐടിയിൽനിന്നും ഒരാഴ്ചക്കുള്ളിൽ വിദഗ്ധസംഘമെത്തി കൊരട്ടി മേഖലയിൽ നിർമിച്ച കാനകളുടെ ഗുണനിലവാരം പരിശോധനയ്ക്കു വിധേയമാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്.
പരിശോധനയിൽ വീഴ്ച ബോധ്യപ്പെട്ടാൽ കാനകൾ പൊളിച്ചുമാറ്റിയതിനുശേഷം പുതിയ മാതൃകയിൽ ഡ്രെയ്നേജ് നിർമിക്കുമെന്നും ചിറങ്ങര ഭാഗത്ത് വാഹനങ്ങൾ കയറി സ്ലാബുകൾ തകർന്ന സംഭവത്തിൽ നിർമാണത്തിലെ ഗുണനിലവാരവും പരിശോധിക്കുമെന്നും പ്രോജക്ട് ഡയറക്ടർ, എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വിദഗ്ധസംഘം സ്ഥലത്തെത്തി ഭാരപരിശോധനയോ, നിർമാണത്തിലെ അപാകതകളോ പരിശോധിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പരിശോധനാ റിപ്പോർട്ട് പുറത്തുവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
28 ദിവസം ക്യൂറിംഗ് പിരീഡ് കൊടുക്കാതിരുന്നതാണ് കാന തകരാൻ കാരണമെന്നാണ് വിദഗ്ധസംഘം കണ്ടെത്തിയതത്രേ. എന്നാൽ പരിശോധന ഉണ്ടായില്ലെന്ന വാദമാണ് നാട്ടുകാരുടേത്.