മുല്ലശേരി - താണവീഥി റോഡിൽ ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടു
1540692
Tuesday, April 8, 2025 1:55 AM IST
പാവറട്ടി: മുല്ലശേരി - താണവീഥി റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള മാവിന്റെ കൊമ്പ് ഒടിഞ്ഞുവീണു. പുതുശേരി അജിത്തിന്റെ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് മാവിൻകൊമ്പ് വീണത്. സ്റ്റേഷനറി സാധനങ്ങൾ സപ്ലൈ ചെയ്യാൻ ഓട്ടോറിക്ഷയിൽ താണവീഥിയിലെത്തിയ ഇദ്ദേഹത്തിന് നിസാര പരിക്കേറ്റു. ആദ്യം ചെറിയ കൊമ്പും തുടർന്ന് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന വലിയകൊമ്പും നിലം പതിക്കുകയായിരുന്നു.
കൂടുതൽ വാഹനങ്ങളും, യാത്രക്കാരും റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി ബന്ധവും ഏറെ നേരം തടസപ്പെട്ടു.
മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ്, വൈസ് പ്രസിഡന്റ് കെ.പി. ആലി എന്നിവർ ഉടൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്.
കെഎസ്ഇബി അധികൃതരും, ഗുരുവായൂർ ഫയർഫോഴ്സും, പാവറട്ടി പോലീസും സ്ഥലത്തെത്തി ഗതാഗതവും വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വൈകിയും നടത്തുന്നുണ്ട്.