തമിഴ്സ്ത്രീയെ മർദിച്ച് താറാവുകളെ കടത്തിയ സംഘം അറസ്റ്റിൽ
1540690
Tuesday, April 8, 2025 1:55 AM IST
ചേർപ്പ്: മുത്തുള്ളിയാലിൽ പാടത്ത് താറാവുകളെ മേയ്ക്കുകയായിരുന്ന മധുര സ്വദേശിയായ സ്ത്രീയെ മർദിച്ച് 17 താറാവുകളെ കടത്തിക്കൊണ്ടുപോയ അഞ്ചുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ മുനയം സ്വദേശികളായ തെക്കെത്തറ വീട്ടിൽ അമിത് ശങ്കർ (32), കോലത്തുംകാട്ടിൽ വീട്ടിൽ ബാലു (27), നന്തിലത്തുപറമ്പിൽ അഭിജിത്ത്, കുറുപറമ്പിൽ വീട്ടിൽ പ്രബിൻ (31), അയ്യന്തോൾ കാനാട്ടുകര ചൊറുത്തിക്കാട്ടിൽ വിജിൽ (34) എന്നിവരാണ് അറസ്റ്റിലായത്.
മധുര പായ്ക്കര ഓണംതെരുവ് സ്വദേശി വള്ളിയമ്മ(50)ക്കാണ് മർദനമേറ്റത്. ഞായറാഴ്ച പകൽ ഒന്നരയ്ക്കാണ് സംഭവമുണ്ടായത്.
വള്ളിയമ്മയും മറ്റ് രണ്ട് പണിക്കാരും ചേർന്ന് 1500 ഓളം താറാവുകളെ പാടത്ത് പരിപാലിച്ച് കൊണ്ടിരിക്കെ കാറിലെത്തിയ അക്രമിസംഘം താറാവുകളെ പിടിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച വള്ളിയമ്മയെ മുഖത്തടിച്ച് തള്ളിയിട്ട് താറാവുകളെ ഓടിച്ചിട്ടുപിടിച്ചുകൊണ്ടുപോവുകയായിരുന്നു. വള്ളിയമ്മ ചേർപ്പ് രോഹിണി ആശുപത്രിയിൽ ചികിത്സതേടി പോലീസിൽ പരാതി നൽകി.
പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സംഘം സഞ്ചരിച്ച കാറും ഉടമയായ വിജിലിനെയും പിടികൂടി. പിന്നീട് കാട്ടൂർ അശോക ബാറിൽനിന്നുമാണ് മറ്റ് പ്രതികളെ പിടികൂടിയത്.
കയ്്പമംഗലം സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപെട്ട അമിത് ശങ്കർ കൊലപാതകം, വധശ്രമം അടക്കം 24 ഓളം കേസുകളിൽ പ്രതിയാണ്. ബാലുവിന്റെ പേരിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ആറുകേസുകൾ ഉണ്ട്. ചേർപ്പ് സിഐ സി. രമേഷ്, എസ്ഐ എ. സജിപാൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.