ദേശീയപാത വികസനം: നിർമാണം ഏറെയും അശാസ്ത്രീയം
1540403
Monday, April 7, 2025 2:02 AM IST
കൊരട്ടി: കൊരട്ടിയുടെ വളർച്ചയ്ക്കുതകുന്ന വിധത്തിൽ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള അഞ്ചര കിലോമീറ്റർ ദൂരം എലവേറ്റഡ് ഹൈവേ വേണമെന്ന ജനകീയ ആവശ്യം പരിഗണിക്കാതെയാണ് മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളും കൊരട്ടിയിൽ മൂന്നു സ്പാനുകളിൽ തൂണുകളിലുയർത്തിയ പാലവും എൻഎച്ച്എഐതീരുമാനിച്ചത്.
ചാലക്കുടി കോടതി ജംഗ്ഷനിലും മുരിങ്ങൂർ ഡിവൈൻ ജംഗ്ഷനിലും നിർമിച്ച അടിപ്പാതകൾ സൃഷ്ടിക്കുന്ന യാതനകള് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൊരട്ടിയുടെ സാധ്യതകൾ പരിഗണിച്ച് പൂർണമായ മേൽപ്പാലം എന്ന ആശയം നാട്ടുകാർ മുന്നോട്ടുവച്ചത്. എന്നാൽ ജനഹിതം മാനിക്കാതെയുള്ള അടിപ്പാത, ഡ്രെയ്നേജ് അടക്കമുള്ള അനുബന്ധജോലികളും ആരംഭിച്ച ഘട്ടം മുതൽ കല്ലുകടിയാണ്.
മൂന്നു സിഗ്നൽ ജംഗ്ഷനുകളിലും നടക്കുന്ന നിർമാണ പ്രവൃത്തികളിൽ പ്രഫഷണലിസം ലെവലേശമില്ല എന്നതാണ് വസ്തുത. അവിദഗ്ധ തൊഴിലാളികൾ മാത്രമാണ് നിർമാണസ്ഥലങ്ങളിലുള്ളത്. കൺസൾട്ടൻസി ഉദ്യോഗസ്ഥരുടെയും സൈറ്റ് എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സാന്നിധ്യം ഉണ്ടാകുന്നില്ലായെന്നതാണ് നാട്ടുകാരുടെ പരാതി. കൊരട്ടിയിൽ ഒരു കൺസൾട്ടൻസി ഓഫീസ് തുറക്കണമെന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. നിർമിച്ച ഡ്രെയ്നേജുകൾ രണ്ടും മൂന്നും പ്രാവശ്യമാണ് പൊളിച്ചുപണിതത്.
മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും സ്കൂട്ടർ മുതൽ ടോറസ് ലോറികൾ കയറി കാനയും സ്ലാബൂം തകർന്നതും നിർമിതിയുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. നിർമിച്ച കാനകളും ചിറങ്ങരയിൽ ഭാഗികമായി പൂർത്തിയാക്കിയ അടിപ്പാതയും ഭാരപരിശോധന നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
6.25 മീറ്റർ ആകെയുള്ള സർവീസ് റോഡിൽ 1.25 മീറ്റർ കാനയാണ്. ഇതിനു മുകളിലൂടെ വാഹനസഞ്ചാരത്തിനു പര്യാപ്തമായ നിർമാണമെന്നാണ് അധികൃതർ പറയുന്നത്. കാനകൾക്ക് മുകളിലുള്ള സ്ലാബിൽ ചെറിയ സുഷിരങ്ങളുണ്ട്. മഴക്കാലത്ത് ദേശീയപാതയിലെ പെയ്ത്തുവെള്ളം പോലും കാനയിലെത്തില്ല എന്നതാണ് വസ്തുത. മറ്റിടങ്ങളിൽനിന്നു കാനയിലെത്തുന്ന വെള്ളം എവിടേയ്ക്കാണ് ഒഴുക്കിക്കളയുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല.
45 മീറ്റർ വീതിയെന്നാണ് കരാറിൽ പറയുന്നതെങ്കിലും പലയിടങ്ങളിലും കൈയേറ്റങ്ങളുണ്ട്. ഇതു തിരിച്ചുപിടിച്ച് യൂട്ടിലിറ്റി കോറിഡോറും നടപ്പാതയും ഒരുക്കണമെന്ന ആവശ്യമാണ് മറ്റൊന്ന്. തടസമായി നിൽക്കുന്ന വൈദ്യുതിക്കാലുകൾ മാറ്റി സ്ഥാപിക്കാതെ കാനകൾ വഴിതിരിച്ചുവിടുന്ന വിചിത്രകാഴ്ചകളും കൊരട്ടി ജംഗ്ഷനിൽ പോലുമുണ്ട്. നിലവിൽ 15 ശതമാനം ജോലികൾ മാത്രമാണ് മേഖലയിൽ പൂർത്തിയായതായി നിർമാണ കമ്പനി പറയുന്നത്. മുരിങ്ങൂരും കൊരട്ടിയും തമ്മിലുള്ള അകലം 2.1 കിലോമീറ്റർ ദൂരം മാത്രമാണ്.
ഈരണ്ടിടങ്ങളിലുള്ള നിർമാണം പുന:പരിശോധിച്ച് ഭൂമിശാസ്ത്രപരമായും വ്യവസായിക, വാണിജ്യമടക്കമുള്ള വികസനസാധ്യതകൾ പരിഗണിച്ച് ഒറ്റമേൽപ്പാലമാക്കി മാറ്റാൻ അധികൃതർ തയാറായാൽ അത് കൊരട്ടി, മേലൂർ, കാടകുറ്റി പഞ്ചായത്തുകൾക്ക് ഗുണകരമായി മാറുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.