തറയ്ക്കൽ പൂരം ഇന്ന്
1540693
Tuesday, April 8, 2025 1:55 AM IST
ആറാട്ടുപുഴ: തറയ്ക്കൽ പൂരം ഇന്ന് ആഘോഷിക്കും. ആറാട്ടുപുഴ ശാസ്താവ് രാവിലെ എട്ടിന് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിച്ച് പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കും.ആനയോട്ടത്തിന് ശേഷം കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്ക് ശേഷം ത്രിപുടയോടുകൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവയ്ക്കുകയും വിവിധയിടങ്ങളിലും മഠങ്ങളിലും കൂട്ടപ്പറകൾ സ്വീകരിച്ചും ചാലു കീറൽ, ചാടിക്കൊട്ട് എന്നിവയ്ക്കുശേഷം വൈകുന്നേരം 6.30ന് മതിൽക്കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കും.
പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 200ൽപരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 10ന് കൊട്ടി കലാശിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ശാസ്താവിന്റെ തിടമ്പേറ്റും. തറയ്ക്കൽപ്പൂരത്തിനു മിഴിവേകി പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളും.
ഊരകത്തമ്മത്തിരുവടിക്ക് പഞ്ചാരി മേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടിമേളവും അകമ്പടിയായിട്ടുണ്ടാകും.
മേളത്തിനുശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മത്തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും ഊരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകും. പറയെടുപ്പിനുശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്. രാത്രി 12 മണിക്ക് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.