അകമലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി
1540392
Monday, April 7, 2025 2:02 AM IST
വടക്കാഞ്ചേരി: വനപാലകരെ നോക്കുകുത്തിയാക്കി അകമലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. കുഴിയോട് ഭാഗത്ത് പാറയിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ശനിയാഴ്ച അർധരാത്രിയിലാണ് കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയത്.
അകമലയിലെ പല ഭാഗങ്ങളിലായി ഇറങ്ങുന്ന കാട്ടാനകൾ മേഖലയിലെ ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ വനപാലകരും ദുരിതത്തിലാണ്. സർക്കാർ അടിയന്തരമായി കാട്ടാനകളെ മേഖലയിൽ നിന്ന് തുരത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.