നെല്ലുസംഭരണം വൈകിയാൽ സമരം: ജോസഫ് ടാജറ്റ്
1540393
Monday, April 7, 2025 2:02 AM IST
തൃശൂർ: സംഭരണത്തിൽ കിഴിവുവേണമെന്ന മില്ലുടമകളുടെ നിർബന്ധത്തെത്തുടർന്നു പ്രതിസന്ധിയിലായ പുല്ലഴി കോൾപടവിലെ നെല്ലുസംഭരണം വേഗത്തിൽ പൂർത്തിയാക്കണമെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മഴയിൽ കൃഷിനശിച്ചു വിളവുകുറഞ്ഞ സാഹചര്യത്തിൽ കിഴിവ് ആവശ്യപ്പെട്ടു കർഷകരെ സമ്മർദത്തിലാക്കാനാണു മില്ലുടമകൾ ശ്രമിക്കുന്നത്. വേനൽമഴയിൽ നെല്ലിലെ ഈർപ്പത്തിന്റെയും തൂക്കത്തിന്റെയും പതിരു കൂടിയതിന്റെയും പേരിലാണു വില കുറയ്ക്കാനുള്ള ശ്രമം. നെല്ലുസംഭരണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ സമരത്തിനു നേതൃത്വം നൽകുമെന്നും ടാജറ്റ് പറഞ്ഞു.
കോൾപടവ് പ്രസിഡന്റ് കെ. ഗോപിനാഥൻ, കർഷകരായ വി. ലീലാധരൻ, സുരേഷ് ബാബു, ആലാട്ട് ചന്ദ്രൻ എന്നിവർ വിവിധപ്രശ്നങ്ങൾ വിശദീകരിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി കെ.എച്ച്. ഉസ്മാൻ ഖാൻ, മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്, കെ. രഞ്ജിത്ത് പുല്ലഴി, കെ.എസ്. നിവിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.