വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
1540689
Tuesday, April 8, 2025 1:55 AM IST
അന്തിക്കാട്: വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷ് അറസ്റ്റിലായി. പെരിങ്ങോട്ടുകര കാതിക്കുടത്ത് ലീല(63)യെ കഴിഞ്ഞമാസം 17 നു വീട്ടിൽ കയറി വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് പെരിങ്ങോട്ടുകര അയ്യാണ്ടി വീട്ടിൽ കായ്ക്കുരു എന്നുവിളിക്കുന്ന രാഗേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങോട്ടുകര പറമ്പിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ രാഗേഷിന്റെ സംഘാംഗങ്ങളെ തെറിപറഞ്ഞതിന്റെ വൈരാഗ്യത്തിൽ ഷാജഹാൻ (30), ശ്രീബിൻ (23) എന്നിവർ സൗമ്യയുടെ വീട്ടുമുറ്റത്തു മാരകായുധങ്ങളുമായി കയറിവന്ന് സൗമ്യയോട് മകൻ ആദിത്യകൃഷ്ണയെ അന്വേഷിച്ചു. അവനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുന്നുമെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. ബഹളംകേട്ട് അവിടേക്കുവന്ന സൗമ്യയുടെ വല്യമ്മ ലീലയെ ഷാജഹാൻ വടിവാൾകൊണ്ട് ഇടതുകൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു.
ഷാജഹാനെയും ശ്രീബിനെയും കൃത്യത്തിനു പ്രേരിപ്പിച്ചയച്ചതു കായ്ക്കുരു രാഗേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ ഈയടുത്താണ് കാപ്പ കേസ് കഴിഞ്ഞ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. സംഭവത്തിനുശേഷം എറണാകുളം തൃക്കാക്കരയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ ഒളിസങ്കേതത്തെപ്പറ്റി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയിൽനിന്നു തിങ്കളാഴ്ച പുലർച്ചെ മൂന്നിനു കളമശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ്, ക്രൈം സ്ക്വാഡ് അംഗം മാഹിൻ അബൂബക്കർ, ഡ്രൈവർ സിപിഒ ആദർശ്, എളമക്കര പോലീസ് സ്റ്റേഷൻ സിപിഒ ഐ.എസ്. അനീഷ് എന്നിവരുടെ സഹായത്തോടെയാണ് അന്തിക്കാട് പോലീസ് രാഗേഷിനെ പിടികൂടിയത്.
പ്രതിയായ ശ്രീബിനെ രക്ഷപ്പെടാൻ സഹായിച്ചതിനു ചാഴൂർ സ്വദേശികളായ വാഴപുരയ്ക്കൽ അഖിൽ (24), മഠത്തിൽ ഹരികൃഷ്ണൻ (24) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രാഗേഷിനെതിരേ 64 ക്രിമിനൽ കേസുകളുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർമാരായ കെ.എസ്. സുബിന്ദ്, എം. അരുൺ കുമാർ, സീനിയർ സിപിഒമാരായ ഇ.എസ്. ജീവൻ, എം.എം. മഹേഷ്, അനൂപ്, സിപിഒമാരായ കെ.എസ്. ഉമേഷ്, സുർജിത്ത് സാഗർ, എം.യു. ഫൈസൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.