ആറാട്ടുപുഴ പൂരം: സുരക്ഷ ഒരുക്കി തൃശൂർ റൂറൽ പോലീസ്
1540390
Monday, April 7, 2025 2:02 AM IST
ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതായി അറിയിച്ചു.
പൂരത്തിനോടനുബന്ധിച്ച് തൃശൂർ റൂറൽ ജില്ലാ പോലീസ് മികച്ച സുരക്ഷാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പൂരത്തിന്റെ പ്രാധാന്യം കണക്കാക്കിവിവിധ ദേശങ്ങളിൽ നിന്നുമെത്തുന്ന ആന പൂരങ്ങളുടെ വരവും, തിരക്ക് നിയന്ത്രണാതീതമാകുന്ന സ്ഥലങ്ങളും സമയവും വിലയിരുത്തിയും കൃത്യമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഭക്തജനങ്ങൾക്ക് സുരക്ഷിതമായി പങ്കെടുക്കാനുള്ള സൗകര്യങ്ങൾ, ദർശന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധ നൽകിയിട്ടുള്ളതും, വനിതാ പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുള്ളതായും, പിങ്ക് പോലീസിന്റെ സേവനവും ലഭ്യമാകുന്നതാണ്. വാഹനപാർക്കിംഗിന് പ്രത്യേകമായി സ്ഥലങ്ങൾ കണ്ടെത്തി സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പാർക്കിംഗ് ഫലവത്തായി നടപ്പാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും റൂറൽ പോലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംവിധാനം സജ്ജമാണ്. ആനകളെ കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും, പ്രത്യേക ശ്രദ്ധ നൽകി ജനസുരക്ഷ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും അനധികൃത മദ്യവിൽപന, ലഹരി വിപണനം എന്നിവ തടയാനും മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ: ഡ്രോൺ നിരീക്ഷണം 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം സി.സി.ടി.വി. സർവൈലൻസ് ഗതാഗത നിയന്ത്രണത്തിനായി മൊബൈൽ, ബൈക്ക് പട്രോളിംഗ് കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പോലീസ് , സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ് ആൻറി ഡ്രഗ്സ് സർവൈലൻസിനായി ഡൻസാഫ്, ആനപരിപാലന നിർദ്ദേശങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ടീമും സ്ഥലത്തുണ്ടാകും. 24 മണിക്കൂർ പോലീസ് സുരക്ഷ യ്ക്ക്പുറമേ, ആംബുലൻസ് സൗകര്യം, മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യവും ഉണ്ടാകും.
*** ***
ചേർപ്പ്: ആറാട്ടുപുഴ തറക്കൽ പൂരത്തിന്റെ ഭാഗമായി കീഴോട്ടുകര ആറാട്ടിനു പോകുന്ന ഊരകത്തമ്മയുടെ പറപുറപ്പാടിന് മുന്നോടിയായി ഊരകം ക്ഷേത്രത്തിന് സമീപം തകർന്ന് കിടന്നിരുന്ന റോഡിലെ കുഴികൾ വാർഡ് അംഗം കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു നന്നാക്കി.
രാഗേഷ് ഉണ്ണിയാംപുറം, , അശോകൻ, ശശി, സജിത്ത് തുടങ്ങിയവരും സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തു.