പുലിയെ കണ്ടതായി വീണ്ടും അഭ്യൂഹം
1540399
Monday, April 7, 2025 2:02 AM IST
ചാലക്കുടി: കണ്ണമ്പുഴ ഭാഗത്ത് കാണപ്പെട്ട പുലിയെ പിടികൂടാൻ അന്വേഷണം നടക്കുന്നതിനിടെ പുഴയോരത്തു സ്ഥിതിചെയ്യുന്നശ്രീധരമംഗലം ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി പറയുന്നു.
ഇന്നലെ പുലർച്ചെ നാലിന് എസ്എൻ ഹാളിന് എതിർവശത്തുള്ള പറമ്പിലാണ് പുലിയെ കണ്ടതെന്നു പറയുന്നത്. പുലി, നായയെ പിടിച്ചുകൊണ്ടുപോകുന്നതായി എസ്എൻ ഹാളിലെ വാച്ചുമാൻ കിഷോറാണ് കണ്ടത്. ഉടനെ വനംവകപ്പ് അന്വേഷണസംഘത്തെ അറിയിച്ചു. സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ അടക്കമുള്ള വനംവകുപ്പ് സംഘം പരിസരം പരിശോധിച്ചുവെങ്കിലും ഒരു ഇരയെ പിടിച്ചതിന്റെയോ, പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്നതോ ആയ യാതൊരു അടയാളങ്ങളും കണ്ടെത്താൻ സാധിച്ചില്ല.
ഈ സ്ഥലത്തിനുസമീപം സ്ഥാപിച്ചിരിക്കുന്ന കാമറകളിലൊന്നും പുലിയുടെ സാന്നിധ്യം കാണിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
മാർച്ച് 24നാണ് കണ്ണമ്പുഴ റോഡിലുള്ള വിടിന്റെ സിസിടിവിയിൽ പുലിയെ കണ്ടത്. ഇതിനെത്തുടർന്ന് ഈ പരിസരത്ത് കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ കൂടുസ്ഥാപിച്ച പറമ്പിൽ പുലിയുടെ കാൽ അടയാളങ്ങൾ കണ്ടിരുന്നു.
ചാലക്കുടി പാലത്തിനു താഴെയുള്ള ക്ലബിന്റെ സിസിടിവി കാമറയിലും പുലിയുടെ ദൃശ്യംകണ്ടു. പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി അഭ്യുഹങ്ങൾ പരന്നെങ്കിലും പരിശോധനയിൽ പുലി അല്ലെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.