ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ ശ്രമം; താത്കാലിക പാതയൊരുക്കി പോലീസ്
1540132
Sunday, April 6, 2025 6:15 AM IST
കൊരട്ടി: അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കൊരട്ടി മേഖലയിൽ രൂപപ്പെടുന്ന ട്രാഫിക് ബ്ലോക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി താത്കാലിക പാതകളൊരുക്കി പോലീസ്.
ചെറിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ നടപ്പിലാക്കി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ആർടിഒ, എൻഎച്ച്എഐ ഉദ്ദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം ഭാഗത്തേയ്ക്കുപോകുന്ന ചെറിയ വാഹനങ്ങൾ മുരിങ്ങൂർ പാലം കഴിഞ്ഞ് ഇടത്തോട്ടുതിരിച്ച് കോനൂർ - നാലുകെട്ട് - തിരുമുടിക്കുന്ന് - എസ്സിഎംഎസ് വഴി കറുകുറ്റിയിൽ എത്തിച്ചേരുന്നവിധം തിരിച്ചുവിട്ടു.
തൃശൂർ ഭാഗത്തേയ്ക്കുപോകുന്ന ചെറിയ വാഹനങ്ങളെ പൊങ്ങത്തുനിന്ന് ഇടത്തോട്ടുതിരിച്ച് മാമ്പ്ര – കൊരട്ടി - കാതിക്കുടം - അന്നനാട് - കാടുകുറ്റി വഴി സഞ്ചരിച്ച് മുരിങ്ങൂർ എത്തിച്ചേരുന്ന വിധമാണ് തിരിച്ചുവിട്ടത്. താത്കാലിക പാതയിൽ വാഹനങ്ങൾ വഴിതെറ്റി പോകാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ആവശ്യമായ ദിശാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.