‘വഖഫ് ബില്ലില്‍ മുനമ്പത്തെ രക്ഷിക്കാനുള്ള പദ്ധതിയില്ല’; യുഡിഎഫ് രാപ്പകൽസമരംനടത്തി
1540133
Sunday, April 6, 2025 6:15 AM IST
എസ്എൻപുരം: പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിൽ മുനമ്പത്തെ താമസക്കാരുടെ റവന്യു അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ഒരു പദ്ധതിയുമില്ലെന്ന് കെപിസിസി മുൻ ജനറൽസെക്രട്ടറി എം.പി. ജാക്സൺ പറഞ്ഞു.
നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതിവിഹിതം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിഷേധിച്ചതിനെതിരേ യുഡിഎഫ് എസ്എൻപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ജനതയുടെ പ്രശ്നം പരിഹരിക്കാനുള്ള ഒരു ഇച്ഛാശക്തിയും പ്രകടിപ്പിക്കാത്ത ഗവൺമെന്റാണ് പിണറായിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം നൽകാതെ ഗ്രാമസ്വരാജ് എന്ന ആശയം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ യുഡിഎഫ് അതിശക്തമായി പോരാടുമെന്നും ജാക്സൺ കുട്ടിച്ചേർത്തു.
മണ്ഡലം ചെയർമാൻ പ്രഫ. കെ.എ. സിറാജ് അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.എം. ഷാനിർ മുഖ്യപ്രഭാഷണംനടത്തി. പി.കെ. ഷംസുദ്ദീൻ, യുഡിഫ് കൺവീനർ പി.എസ്. മുജീബ് റഹ്മാൻ, ആർഎസ്പി ജില്ലാ സെക്രട്ടറി എം.പി. ജോബി, മണ്ഡലം യുഡിഎഫ് കൺവീനർ ടി.എ. ഫഹദ്, എൻ.ഒ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.