‘പടിയൂരിനു ലഭിച്ച കിന്‍ഫ്ര പാര്‍ക്ക് ഇടതുസര്‍ക്കാര്‍ നഷ്ടപ്പെടുത്തി’
1540696
Tuesday, April 8, 2025 1:55 AM IST
എടതിരിഞ്ഞി: യുഡിഎഫ് ഭരണത്തിലും യുഡിഎഫ് എംഎല്‍എയുടെ കാലത്തും നേടിയെടുത്ത വികസനപ്രവര്‍ത്തനങ്ങളില്‍ കിന്‍ഫ്രാ പാര്‍ക്ക് പോലുള്ള പലതും നഷ്ടപ്പെടുത്തിയതില്‍ ഇരിങ്ങാലക്കുടയിലെ മുന്‍ എംഎല്‍എയും ഇപ്പോഴത്തെ എംഎല്‍എയും ഇടതുസര്‍ക്കാരും ഉത്തരവാദികളാണെന്ന് കേരള കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.
സമഗ്ര വൈദ്യുതീവല്‍ക്കരണം, സമഗ്ര കുടിവെള്ളപദ്ധതി, സമഗ്ര വിദ്യാലയ കമ്പ്യൂട്ടര്‍ സാക്ഷരത, മതിലകം പാലം, വിവിധ ഓഫീസ് കെട്ടിടങ്ങള്‍, പിഡബ്ല്യു റോഡുകള്‍, ഹോമിയോ ഡിസ്പെന്‍സറി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ പലതും പടിയൂര്‍ പഞ്ചായത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞത് യുഡിഎഫ് എംഎല്‍എ തോമസ് ഉണ്ണിയാടന്റെ കാലഘട്ടത്തിലായിരുന്നുവെന്ന് അവതരിപ്പിച്ച രാഷ്ട്രീയരേഖയില്‍ ചൂണ്ടിക്കാട്ടി.
എടതിരിഞ്ഞി വില്ലേജിലെ വസ്തുക്കള്‍ക്ക് തെറ്റായനിലയില്‍ ഫെയര്‍വാല്യൂ നിശ്ചയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ എത്രയുംവേഗം പ്രശ്നം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ബൂത്തുതല പുന:സംഘടന എന്നിവയും സമ്മേളനം ചര്‍ച്ചചെയ്തു.
എടതിരിഞ്ഞിയില്നടന്ന സമ്മേളനം സംസ്ഥാന ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, സംസ്ഥാന ജനറല്‍സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ സെക്രട്ടറിമാരായ സേതുമാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ് എന്നിവര്‍ മുഖ്യപ്രസംഗങ്ങള്നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. സതീഷ്, വിവേക് വിന്‍സെന്റ്, ആര്‍തര്‍ വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.