ഒരുക്കങ്ങൾ പൂർത്തിയായി; മഹാതീർഥാടനം ഇന്ന്
1540174
Sunday, April 6, 2025 6:46 AM IST
പാലയൂർ: ജാഗരണ പദയാത്രയിലും കൺവൻഷനിലും പങ്കെടുത്ത് മനസും ശരീരവും ഒരിക്കിയെടുത്ത പതിനായിരങ്ങൾ ഇന്ന് മഹാതീർഥാടനത്തിൽ അണിചേരും.
പുലർച്ചെ അർപ്പിക്കുന്ന ദിവ്യബലിക്കു ശേഷം തൃശൂർ ലൂർദ് കത്തീഡ്രലിൽനിന്ന് പുറപ്പെടുന്ന മുഖ്യപദയാത്രയ്ക്കു തുടക്കം കുറിച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാനു കൈമാറും.
ഇതേസമയം അതിരൂപതയുടെ 11 കേന്ദ്രങ്ങളിൽനിന്ന് ഉപപദയാത്രകൾ പുറപ്പെടും. ഒന്നാംഘട്ട പദയാത്രകൾ രാവിലെ 11 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ എത്തിച്ചേരുമ്പോൾ തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് പാവറട്ടി സെന്റ്് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെടുന്ന രണ്ടാം ഘട്ട പദയാത്ര 4.30 ന് പാലയൂർ തീർഥകേന്ദ്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയാകും.
ഇന്ന് രാവിലെ 6.30 മുതൽ പാലയൂർ തീർഥകേന്ദ്രത്തിൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കുമെന്ന് ലിറ്റർജി കൺവീനർ സിസ്റ്റർ ടെസ്ലിൻ, ജിഷ സുരേഷ് എന്നിവർ അറിയിച്ചു. ഒമ്പതു മുതൽ നേർച്ച ഭക്ഷണ വിതരണം ആരംഭിക്കുമെന്നും 30, 000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നതെന്നും കൺവീനർ ടി.ജെ. ഷാജു, സി. ജെ. സാബു, സൈജോ സൈമൺ എന്നിവർ പറഞ്ഞു.