മുരിങ്ങൂർ മുതൽ ചിറങ്ങരവരെ മഹാക്കുരുക്ക്; പൊറുതിമുട്ടി ജനം...
1540175
Sunday, April 6, 2025 6:46 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി മേഖലയിൽ നടക്കുന്ന അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളിലും മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിലും ജനരോഷം പുകയുകയാണ്.
കേവലം അഞ്ചര കിലോമീറ്ററിനുള്ളിൽ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ജംഗ്ഷനുകളിൽ മൂന്നു അടിപ്പാതകൾ നിർമിക്കുമ്പോൾ സ്വാഭാവികമായി രൂപപ്പെടുന്ന ഗതാഗതസ്തംഭനം മുന്നിൽകാണുന്നതിലും പരിഹാരമെന്നോണം മുന്നൊരുക്കം നടത്തുന്നതിലും അധികൃതർക്കു വലിയ വീഴ്ച സംഭവിച്ചുവെന്നതാണു യാഥാർഥ്യം.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊരട്ടി നിവാസികൾ മുന്നോട്ടുവച്ച നിർദേശങ്ങളിലൊന്ന് പൊങ്ങം മുതൽ മുരിങ്ങൂർവരെ ഇരുഭാഗങ്ങളിലും സർവീസ് റോഡുകൾ പൂർണമായി നിർമിച്ചശേഷംമാത്രം അടിപ്പാത നിർമാണം ആരംഭിക്കണമെന്നതായിരുന്നു.
ഇതിനോട് അധികാരികൾ പുലർത്തിയ നിഷേധാത്മക നിലപാടാണ് നിലവിലെ ഗതാഗതക്കുരുക്കിന്റെ മൂലകാരണം. ഡ്രെയ്നേജുകളും ഉപറോഡുകളും നിർമിച്ച് അതിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം സുഗമമാക്കിയശേഷം പ്രധാനപാതയിൽ പണി ആരംഭിക്കണമെന്നതായിരുന്നു പൊതുവികാരം. ആം ബുലൻസ്, എയർപോർട്ട് പോലുള്ള അടിയന്തരസർവീസുകളും ദീർഘദൂരയാത്രികരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടുകിടക്കുന്നത് അധികൃ തരുടെ കെടുകാര്യസ്ഥതയാണ്.
രാവിലെ അങ്കമാലി ഭാഗത്തേക്കുള്ള ട്രാക്കിലാണ് തിരക്കെങ്കിൽ വൈകുന്നേരമാകുന്നതോടെ ഇരുദിശകളിലും മുരിങ്ങൂരിലും ചിറങ്ങരയിലും കുരുക്ക് മുറുകുകയാണ്. വൈകീട്ട് ബ്ലോക്കുകൾ ഒഴിവാക്കാൻ വാഹനങ്ങൾ പല വഴികളിലായി തിരിച്ചുവിടുന്നുണ്ടെങ്കിലും ഗതാഗതം സാധാരണനിലയിലാക്കാൻ സാധിക്കാതെ പോലീസും ഫ്ലാഗ്മാൻമാരും കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവയ്ക്കണമെന്ന് നാട്ടുകാർ പറയുന്നു.
ഒരുമാസത്തിലേറെയായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചത് ഇന്നലെയാണ്. പോലീസും ഹൈവേ അഥോറിറ്റിയും നിർമാണക്കമ്പനിയും തമ്മിൽ ഒരു ഏകോപനത്തിലേക്കു നീങ്ങിയത് ജില്ലാ കളക്ടർ ചിറങ്ങര സന്ദർശിച്ചശേഷം മാത്രമാണ്. പ്രദേശവാസികൾ നിർബന്ധമായും ഡൈവേർഷനുകൾ ഉപയോഗിച്ച് യാത്രചെയ്തെങ്കിൽ മാത്രമേ കുരുക്ക് അഴിയുകയുള്ളൂ.
എറണാകുളം ഭാഗത്തേക്കോ അങ്കമാലി വഴി എംസി റോഡ് വഴി പോകേണ്ട ദീർഘദൂര ട്രക്ക്, ചെറുവാഹനങ്ങൾ പരമാവധി എൻഎച്ച് 66 ലൂടെ കടത്തിവിടാനുള്ള സാധ്യതയും പരിശോധിക്കണം. കൂടാതെ രാവിലെയും വൈകീട്ടും പീക്ക് ടൈമുകളിൽ ദീർഘദൂര ട്രക്കുകൾക്കും ഭാരവണ്ടികൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയാൽ ഗതാഗതസ്തംഭനത്തിന് ചെറിയൊരു ശമനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.