ഉത്സവ കമ്മിറ്റിക്കാരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
1540404
Monday, April 7, 2025 2:02 AM IST
ആളൂര്‍: ഉത്സവാഘോഷ കമ്മിറ്റിക്കാരായ രണ്ടുപേരെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.
മുരിയാട് സ്വദേശി മുല്ലശ്ശേരിവീട്ടില്‍ അജീഷ്(39), സുഹൃത്ത് രാജേഷ്(30) എന്നിവരെയാണ് കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശാരിമൂല സ്വദേശി മാമ്പ്രക്കാരന്‍ വീട്ടില്‍ ലിബിന്(18), കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടന്‍ വീട്ടില്‍ ശിവന്(19), ആശാരിമൂല സ്വദേശികളായ കന്നിമേല്‍ വീട്ടില്‍ ഫ്ലെമിംഗ്(19), തുളുവത്ത് വീട്ടില്‍ എറിക്(18), താഴെക്കാട് കുണ്ടുപാടം സ്വദേശിയായ പൂക്കില്ലത്തുവീട്ടില് നെബില്‍(18) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയില്‍ കല്ലേറ്റുംകര വടക്കുമുറി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് കാവടിസെറ്റില് ഉന്തും തള്ളും പ്രശ്നങ്ങളും ഉണ്ടായത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്താലാണ് ക്ഷേത്രത്തിന് മുന്‍വശത്തുവച്ച് പുലര്‍ച്ചെ മൂന്നുമണിയോടെ അജീഷിനെയും രാജേഷിനെയും സംഘത്തെയും തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ലിബിന് അജീഷിനെ കുത്തി. ശിവന് അജീഷിന്റെ ഇടതുകണ്ണില്‍ ഇടിച്ചുപരിക്കേല്‍പ്പിച്ചു.
മറ്റുള്ള പ്രതികള്‍ അജീഷിനെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. ആളൂര്‍ എസ്ഐ അഫ്സല്, എസ്ഐമാരായ സുമേഷ്, സുരേന്ദ്രന്, ഗിരീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സവീഷ്, ജിബിന്‍ ഹരികൃഷ്ണന്, ബിലഹരി, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാന്‍ഡ് ചെയ്തു.