തൃശൂരിനെ സന്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു
1540168
Sunday, April 6, 2025 6:44 AM IST
തൃശൂർ: സന്പൂർണ മാലിന്യമുക്തം തൃശൂർ ജില്ലാതല പ്രഖ്യാപനം മന്ത്രി കെ. രാജൻ നിർവഹിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ മലയാളികളുടേതുമാണെന്നും മാലിന്യമുക്തം നവകേരളം എന്നതു താത്കാലികമായ നേട്ടമല്ല മറിച്ച് സുസ്ഥിരതയുള്ള മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് നാം എത്തിച്ചേരേണ്ടതെന്നും ഇതിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, ടൗണുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവയെല്ലാം നൂറുശതമാനം മാലിന്യമുക്തമാക്കിക്കൊണ്ടാണ് ജില്ല ഹരിതപദവി നേടിയതെന്നു മന്ത്രി പറഞ്ഞു. ജില്ലയിലെ 6473 സ്ഥാപനങ്ങൾ, 25977 അയൽക്കൂട്ടങ്ങൾ, 1164 വിദ്യാലയങ്ങൾ, 122 കലാലയങ്ങൾ, 301 പൊതുയിടങ്ങൾ, 537 ടൗണുകളും, 39 വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിതപദവി നേടി.
ജില്ലയെ മാലിന്യമുക്തമാക്കുന്നതിനു മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെയും നഗരസഭയെയും വിദ്യാലയങ്ങളെയും കലാലയങ്ങളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു പരമേശ്വരൻ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ ഇ.ടി. ടൈസണ്, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാജൻ തുടങ്ങിയവർ പങ്കെടുത്തു.