ആറാട്ടുപുഴ പൂരം നാളെ
1540682
Tuesday, April 8, 2025 1:55 AM IST
ആറാട്ടുപുഴ: പൂരപ്പാടം ഒരുങ്ങി; ആറാട്ടുപുഴ പൂരം നാളെ. 24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽനിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശൂർ പൂരത്തിലെ പങ്കാളികളും കുട്ടനെല്ലൂർ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യമംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയിൽ എത്തിയിരുന്നുവെന്നാണു പഴമൊഴി.
ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം. പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശൂർ വടക്കുംന്നാഥക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരംദിവസം അത്താഴപൂജ വൈകീട്ട് ആറിനു മുമ്പ് നടത്തി നട നേരത്തെയടക്കും.
ആതിഥേയനായി ആറാട്ടുപുഴ ശാസ്താവ്
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് നാലോടെ ക്ഷേത്രത്തിൽ തിരിച്ചെത്തുകയും നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ആറരയോടുകൂടി ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്ക്കു സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽകെട്ടിനു പുറത്തേയ്ക്കെഴുന്നള്ളും.
മേള പ്രമാണി പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ 250ൽപരം മേളകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം ഉണ്ടാകും.
പാമ്പാടി രാജൻ തിടമ്പേറ്റും
പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നള്ളി നിൽക്കുന്ന ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനാണ് ശാസ്താവ് ഏഴുകണ്ടംവരെ പോകുന്നത്.
മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിനെ നിലപാടുനിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളും.
ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ വിശാലമായ പാടത്ത് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
കയറ്റം
രാത്രി പതിനൊന്നോടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ് ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടർന്ന് ഒരു മണിയോട പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളും.
ഇറക്കം
12 ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും.
ശേഷം ഒരു മണിക്ക് അന്തിക്കാട്, ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെ യും അകമ്പടിയോടെ എഴുന്നള്ളും.
പടിഞ്ഞാറുനിന്നുള്ള വരവ്
11 ന് നെട്ടിശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടുംകൂടി എഴുന്നള്ളും.
കൂട്ടിയെഴുന്നള്ളിപ്പ്
ആറാട്ടുപുഴ പൂരം ദിവസം അർധരാത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുകയും പല്ലിശേരി സെന്റർ മുതൽ പൂരപ്പാടംവരെ അഞ്ച് ആനകളുടെയും അവിടെനിന്നും കൈതവളപ്പുവരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെ പാണ്ടിമേളവും നടത്തും.
ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കും. വൈകുണ്ഠത്തിൽ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മിദേവിയോടും ഭൂമിദേവിയോടുംകൂടി വിരാജിക്കുകയാണെന്നാണു സങ്കല്പം. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം നടക്കും.
മന്ദാരംകടവിലെ ആറാട്ട്
ആറാട്ടുപുഴ പൂരം ദിവസം അർധരാത്രി തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. കടലാശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാട്ട് നടത്തും. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി, പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരംകടവിലേക്ക് എഴുന്നള്ളും.
പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട്, ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരംകടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്.
ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ ശംഖ് മുഴക്കും. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വയ്ക്കുക.
ഓചാരവും പൂര വിളംബരവും
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരംകടവിലേക്ക് യാത്രയായാൽ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണംവച്ച് യാത്രയാകും. ദേവീദേവന്മാർക്ക് ഉപചാരവും ചൊല്ലും.
ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടംവരെ അകമ്പടി പോകും. അവിടെവച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജെ്യൗതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. ഒപ്പം ഭക്തരും മടങ്ങും.