മേളപ്പെരുമയിൽ പെരുവനംപൂരം പെയ്തിറങ്ങി
1540387
Monday, April 7, 2025 2:02 AM IST
ചേർപ്പ്: ഐതിഹ്യപ്പെരുമയും ആ സ്വാദന മധുരമായ മേളങ്ങളും എണ്ണമറ്റ ഗജവീരന്മാരെയുംകൊണ്ട് സമ്പന്നമായ പെരുവനം പൂരം പെയ്തിറങ്ങി.
പഞ്ചാരി പിറവികൊണ്ട പെരുവനം നടവഴി ഇന്നലെ ജനനിബിഡമായി. കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രം കിഴക്കേ നടവഴിയിൽ അഞ്ചു ഗജവീരന്മാരുടെ അകമ്പ ടിയോടെ നടന്നു. മേളപ്രമാണി പെരുവനം ശങ്കരനാരായണൻ മാരാർ പഞ്ചാരിമേളത്തിനു നേതൃത്വം നൽകി.
തുടർന്ന് ആറാട്ടുപുഴ ശാസ് താവിന്റെ കിഴക്കോട്ടിറക്കം ഏഴു ഗജവീരന്മാരുടെ അകമ്പടിയേടെ ആരംഭിച്ചു. മേളപ്രമാണി പെരുവനം കുട്ടൻമാരാർ പാണ്ടിമേളത്തിനു നേതൃത്വം നൽകി. ചാത്തക്കുടം ശാസ്താവിന്റെ യും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റത്തോടെയുള്ള എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. ഏഴ് ഗജവീരൻമാർ അണിനിരന്നു. ഇക്കുറി പ്രഥമ മേളപ്രമാണി പെരുവനം പ്രകാശൻമാരാർ പഞ്ചാരിമേളത്തിന് മേളാവേശം പകർന്നു.
കുഴൽ, കൊമ്പ് പറ്റുകൾക്കുശേഷമാണ് ചാത്തക്കുടത്തിന്റെ കയറ്റ പഞ്ചാരിക്ക് കാലമിട്ടത്. ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കന്മാരുടെയും ഊരകത്തമ്മതിരുവടി, ചാത്തക്കുടം ശാസ്താവിന്റെയും പടിഞ്ഞാ റോട്ട് കയറ്റം തൊടുകുളം പരിസരത്തുനിന്ന് കേളി, കൊമ്പ്, കുഴൽ പറ്റുകൾക്ക് ശേഷം ആരംഭിച്ചു. ക്ഷേത്ര നടവഴിയിൽ എത്തിച്ചേർന്നതോടെ മേളപ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർ പഞ്ചാരിമേളത്തിന് ആരംഭംകുറിച്ചു.
ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിലുംആരംഭിച്ചു.
ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിനു നേതൃത്വം നൽകി. എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് എത്തുകയും കരിമരുന്ന് പ്രയോഗത്തിനുശേഷം ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പെരുവനം ക്ഷേത്ര പരിസരത്തുനിന്ന് തുടർന്നു.
അർധരാത്രി പെരുവനം ക്ഷേത്രമതിൽക്കകത്ത് പിടിക്കപ്പറമ്പ്, നെട്ടിശേരിയടക്കം 11 ദേവിദേവന്മാർ അണിനിരക്കുന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. കിഴക്കൂട്ട് അനിയൻമാരാർ മേളത്തിനു നേതൃത്വം നൽകി.
ഇന്നു പുലർച്ചെ നാലിന് ചേർപ്പ്, അയ്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് കിഴക്കേനടവഴിയിൽ നടക്കും. മേളത്തിനുശേഷം ഇരു ഭഗവതിമാരും തൊടുകുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് ആറാട്ടുപുഴ ശാസ്താവ് അയ്കുന്ന് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നതോടെ പെ രുവനം പൂരത്തിനു സമാപ്തിയാകും.