തലോരിൽ പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
1540398
Monday, April 7, 2025 2:02 AM IST
തലോർ: കോഴിമാലിന്യവുമായി വന്ന പിക്കപ്പ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്യാതെ വന്നതോടെ ദുർഗന്ധം പരന്നത് പരിസരവാസികളെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു.
പ്ലാസ്റ്റിക് വീപ്പകളിലാക്കിയ കോഴി മാലിന്യമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ പോയ ശേഷം തിരിച്ചെത്തിയില്ലെന്നും വിവരമറിയിച്ചിട്ടും പുതുക്കാട് പോലീസും എത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു. നിരവധി വീടുകളുള്ള പ്രദേശത്തുനിന്ന് പിക്കപ്പും മാലിന്യവും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.