തേവർ പള്ളിയോടത്തിൽ പുഴകടന്നു
1540684
Tuesday, April 8, 2025 1:55 AM IST
തൃപ്രയാർ: തേവരുടെ പൂരാഘോ ഷത്തിന്റെ ഭാഗമായി അഞ്ചാം ദിവസമായ ഇന്നലെ കാലത്ത് തേവർക്ക് പുത്തൻകുളത്തിൽ ആറാട്ടും സമൂഹമഠം പറയും നടത്തി. പടിഞ്ഞാറെ കരയിലെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി തേവർ വൈകീട്ട് നിയമവെടിക്കുശേഷം കിഴക്കേകരയിലേക്ക് സ്വന്തം പള്ളിയോടത്തിൽ പുഴകടന്ന് എഴുന്നള്ളി.
കുത്തുവിളക്കിനു മുൻപിൽ ചേങ്ങിലയിൽ സ്ഥാപിച്ച തേവരുടെ തിടമ്പ് ഘടിപ്പിച്ച കോലം കുടശാന്തി പിടിച്ചു. തൃക്കോൽ ശാന്തി വന്നേരിപ്പറമ്പ് മഠത്തിലെ രതീഷ് എമ്പ്രാന്തിരി ഓടം തുഴഞ്ഞു. ഇരുകരകളിലും അടിയന്തര മാരാന്മാർ മാറി മാറി ശംഖനാദങ്ങൾ മുഴക്കി. രാമമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കിഴക്കേ കരയിലെത്തിയ തേവരുടെ കോലം മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ചു. ആമലത്തു തറവാട്ടുകാരുടെ ആദ്യ പറ സ്വീകരിച്ചു. തുടർന്ന് ഊരായ്മ ഇല്ലങ്ങളായ പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി മനകളിൽ പറകൾക്കും പൂരത്തിനുമായി എഴുന്നള്ളിയ തേവരെ മൂന്ന് ആനകളുടെയും പഞ്ചവാദ്യം, നാഗസ്വര മേളം എന്നിവയുടെ അകമ്പടിയോടെ കിഴക്കേനട പൂരാഘോഷ കമ്മറ്റി സ്വീകരിച്ചു.
ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിച്ചു. തുടർന്ന് തേവർ ചേലൂർ പുന്നപ്പിള്ളി മനകളിലേക്ക് പൂരത്തിന് പുറപ്പെട്ടു. തേവരുടെ എഴുന്നള്ളിപ്പ് ചെമ്മാപ്പിള്ളി ആനേശ്വരം മഹാദേവക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ ഒളിച്ചുകടക്കൽ ചടങ്ങും നടത്തി. ഇവിടെ എത്തുമ്പോൾ വാദ്യമേളങ്ങളും ആനയുടെ കഴുത്തിലെ കുടമണികൾ പോലും നിശബ്ദമാക്കിയാണ് തേവർ യാത്ര നടത്തുക. ആനേശ്വരത്തെ ശിവന് തൃപ്രയാർ തേവർ അന്നുകൊയ്തുകിട്ടിയ ഉരിയരി നെല്ലിനും അരമുറി നാളികേരത്തിനും കടക്കാരനായതിനാൽ അതുകൊടുത്തു തീർക്കാൻ കഴിയാതെ മഹാദേവനെ കബളിപ്പിച്ച് ഒളിച്ചുയാത്ര ചെയ്യുന്നതായാണ് സങ്കല്പം.
പുലർച്ചെ വടക്കുംമുറി ജ്ഞാനപ്പിള്ളി മനയിൽ എത്തി പറയ്ക്കുശേഷം കുട്ടൻകുളത്തിൽ ആറാട്ടും ഇവിടെയുള്ള പത്നിമാരോടുകൂടിയുള്ള ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയും നടത്തും. തൃപ്രയാർ ക്ഷേത്രത്തിൽ പണ്ട് ക്ഷേത്രം അടച്ചിട്ട് പൂജകൾ മുടങ്ങിയ കാലത്ത് ഏപ്രം മനക്കാരുടെ വഞ്ചിയിൽ തേവരുടെ തിടമ്പ് കുട്ടംകുളം ക്ഷേത്രത്തിൽ എത്തിച്ച് അവിടെ പൂജകൾ നടത്തിയിരുന്നു. ഇവിടെ ഇന്നും ക്ഷേത്രം തന്ത്രി തന്നെ നേരിട്ടെത്തിയാണ് ഇറക്കിപ്പൂജ നടത്തുന്നത്. ഇന്നു രാവിലെ തിരിച്ചെഴുന്നള്ളുന്ന തേവർക്ക് പുത്തൻകുളത്തിൽ ആറാട്ട് നടക്കും. വൈകീട്ട് തേവർ തന്ത്രി ഇല്ലമായ കിഴുപ്പിള്ളിക്കര തരണനെല്ലൂർ പടിഞ്ഞാറെ മനയിലേക്ക് സ്വർണക്കോലത്തിൽ എഴുന്നള്ളും.
വൈകുന്നേരത്തെ നിയമവെടി ആമലത്തുപാടത്ത് മുഴക്കും. പടിഞ്ഞാറെ മനയിൽ എത്തുന്ന തേവരെ മൂന്ന് ആനകളോടെ പഞ്ചവാദ്യം, മേളം എന്നിവയോടെ സ്വീകരിക്കും. തുടർന്ന് മനയിൽ ഇറക്കിപ്പൂജയും ചെമ്പിലാറാട്ടും നടക്കും.