തൃപ്രയാർ തേവർ പൈനൂർ പാടത്ത് ചാലുകുത്തി
1540388
Monday, April 7, 2025 2:02 AM IST
തൃപ്രയാർ: തൃപ്രയാർ തേവർ കൃഷിയിറക്കുന്നതിനുള്ള അനുമതിയേകി വലപ്പാട് ചാലുകുത്തൽ നടത്തി. ഇന്നലെ രാവിലെ വെന്നിക്കൽ ക്ഷേത്രത്തിൽ പറയ്ക്കും കോതകുളത്തിൽ ആറാട്ടിനു എഴുന്നള്ളിയ തേവർ ശേഷം പൈനൂർപാടത്ത് കൃഷിയിറക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടു ചാലുകുത്തൽ നടത്തി.
പൈനൂർ പാടത്ത് നിശ്ചിത സ്ഥലത്ത് തേവരുടെ കോലം വഹിച്ച രവിപുരം ഗോവിന്ദനാണ് ചാലുകുത്തൽ ചടങ്ങ് നടത്തിയത്. ഈ സമയം ശംഖുനാദം മുഴക്കി. കതിനകളും മുഴങ്ങി. കൊമ്പിൽ കോർത്തെടുത്ത മണ്ണ് പ്രസാദമായി ഭക്തർക്കു വിതരണം ചെയ്തു. ഇത് കൃഷിയിടത്തിൽ വിതറിയാൽ വിളവ് കൂടുതൽ ലഭിക്കുമെന്നാണു വിശ്വാസം. തുടർന്ന് തേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി.
വൈകിട്ട് തേവർ നാട്ടിക രാമൻകുളത്തിൽ ആറാട്ടിനും ഇല്ലങ്ങളിൽ പൂരത്തിനും എഴുന്നള്ളി. വൈകുന്നേരത്തെ നിയമ വെടി കൊളത്തേക്കാട്ട് പടിക്കലാണ് മുഴക്കിയത്. അവിടെ പറ കഴിഞ്ഞ് തേവർ നാട്ടിക രാമൻകുളത്തിൽ ആറാട്ടിന് എഴുന്നള്ളി. ആറാട്ടിനുശേഷം ഇല്ലങ്ങളിൽ പൂരത്തിന് തിരിച്ചെള്ളിയ തേവർക്ക് നാട്ടികയിലെയും തൃപ്രയാറിലെയും വ്യാപാരികളും ദേശവാസികളും ചേർന്ന് രാജകീയ സ്വീകരണം നൽകി. തുടർന്ന് തേവർ പോളി ജംഗ്ഷനു തെക്ക് ഇല്ലങ്ങളിൽ പൂരത്തിന് എഴുന്നള്ളി. തിരിച്ചെഴുന്നള്ളിയ തേവർ സമുദായ മഠത്തിലും ക്ഷേത്രത്തിനകത്ത് കൊട്ടാരത്തിലും പറകൾ സ്വീകരിച്ചു.