സമരത്തിലുറച്ച് വനപാലകർ; ഇന്നു ചർച്ച
1540391
Monday, April 7, 2025 2:02 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ചു ജില്ലയിലെ വനപാലകർ സമരത്തിലേക്ക്. അകമല, വാണിയന്പാറ, പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനുകൾ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടെന്നുപറഞ്ഞു വനംവകുപ്പ് പൂട്ടിയിരുന്നു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പീച്ചി ഡിവിഷനിലെ കവല ഫോറസ്റ്റ് സ്റ്റേഷൻ, ചിമ്മിനി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവടങ്ങളിലാണു വിന്യസിച്ചത്. വനംവകുപ്പിന്റെ നിർദേശപ്രകാരം പൂട്ടിയ വരവൂർ ചിറ്റണ്ട മേഖലയിലെ പൂങ്ങോട് സ്റ്റേഷൻ വനപാലകരുടെ സമ്മർദത്തെത്തുടർന്ന് അടുത്തിടെ തുറന്നിരുന്നു.
അകമല, പൊങ്ങണംകാട് മേഖലയിൽ വന്യജീവിആക്രമണം, ചന്ദനമരംമുറിക്കൽ തുടങ്ങി ഇരുപതോളം കേസുകൾ ഒരു വർഷം ഉണ്ടാകാറുണ്ടെന്നു വനപാലകർ പറയുന്നു. ഷോളയാർ, മുക്കുംപുഴ, വാഴാനി, എളനാട്, കൊന്നക്കുഴി സ്റ്റേഷനുകൾ ശോച്യാവസ്ഥയിലാണ്. കേടുപാടുകൾ സംഭവിച്ച വാഴാനി സ്റ്റേഷൻ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണെന്നു വടക്കാഞ്ചേരി ബിൽഡിംഗ് സെക്്ഷൻ അസി. എൻജിനീയർ 2024 ഏപ്രിൽ 26നു റിപ്പോർട്ട്
നൽകിയിരുന്നു. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ചാണു മേലധികാരികളുടെ ഓഫീസും ഒൗദ്യോഗികവസതികളും മോടിപിടിപ്പിക്കുന്നതെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു. ചാലക്കുടി, തൃശൂർ മേഖലയിലെ ജീവനക്കാർക്കു നൽകാതെ തടഞ്ഞുവച്ചിരിക്കുന്ന അർഹമായ ക്വാർട്ടേഴ്സ് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആർആർടി രൂപീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരുദ്യോഗസ്ഥനെ മാത്രമാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. ആവശ്യത്തിന് ഓഫീസ് പോലുമില്ല.
ഇത്തരം നീതിനിഷേധങ്ങൾക്കെതിരേ നിരവധിതവണ പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഒൻപതിന് പറവട്ടാനി മധ്യമേഖല വനംആസ്ഥാനത്തിനുമുന്നിൽ സമരം നടത്തും. മധ്യമേഖല വനം കണ്സർവേറ്റർ ഇന്നു വൈകിട്ട് സംഘടനാഭാരവാഹികളെ ഈ വിഷയത്തിൽ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റംവരെയും പോകുമെന്നു ഭാരവാഹികൾ പറഞ്ഞു.