പെരുവനം പൂരം ഇന്ന്
1540169
Sunday, April 6, 2025 6:44 AM IST
ചേർപ്പ്: ഇന്നാണു പെരുവനം പൂരം. പഞ്ചാരി പിറവികൊണ്ട പെരുവനം നടവഴി പൂരത്തിനായി ഒരുങ്ങി. ഏഴു ഗജവീരന്മാർക്ക് അണിനിരക്കാവുന്ന നടവഴിയിൽ കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂരം എഴുന്നള്ളിപ്പ് വൈകീട്ട് നാലിനു നടക്കും.
6.30 ന് ആറാട്ടുപുഴ ശാസ്താവിന്റെ കിഴക്കോട്ടിറക്കം, ഏഴിന് ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റം, രാത്രി 10.30ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കന്മാരുടെ പടിഞ്ഞാറോട്ട് കയറ്റം, 11 ന് ഊരകത്തമ്മ തിരുവടി എഴുന്നള്ളിപ്പ്, 12 ന് ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴിയിലും നടക്കും. മേക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് എത്തിയാൽ സമാപിക്കും. കരിമരുന്ന് പ്രയോഗത്തിനുശേഷം ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് പെരുവനം ക്ഷേത്ര പരിസരത്തുനിന്ന് തുടരും. അർധരാത്രിപെരുവനം ക്ഷേത്രമതിൽക്കകത്ത് പിടിക്കപറമ്പ്, നെട്ടിശേരിയടക്കം 11 ദേവി ദേവന്മാർ അണിനിരക്കുന്ന വലിയവിളക്ക് നടക്കും.
ഏഴിന് പുലർച്ചെ നാലിന് ചേർപ്പ്, അയ്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് കിഴക്കേനടവഴിയിൽ നടക്കും. മേളത്തിനുശേഷം ഇരു ഭഗവതിമാരും തൊടുകുളത്തിൽ ആറാട്ട് നടത്തും. തുടർന്ന് ആറാട്ടുപുഴ ശാസ്താവ് അയ്കുന്ന് ഭഗവതിയുമായി ഉപചാരംചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിനു സമാപ്തിയാകും.