അപാകതകൾ വിട്ടൊഴിയുന്നില്ല
1540695
Tuesday, April 8, 2025 1:55 AM IST
കൊരട്ടി: ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിന്റെ കോൺക്രീറ്റിംഗിനായി കെട്ടിയ കമ്പികൾ വീണ്ടും അഴിച്ചുമാറ്റി.
അങ്കമാലി ഭാഗത്തേക്കുള്ള പ്രധാനപാത കുത്തിപ്പൊളിച്ച് ബേസ്മെന്റ് പണികൾക്കായി കെട്ടിയ കമ്പികൾ ഇക്കഴിഞ്ഞ രണ്ടിനും അഴിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസം കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് പോരായ്മകൾ പരിഹരിച്ച് വീണ്ടും കെട്ടിയ കമ്പികളാണ് ഇന്നലെ സ്ഥലത്തെത്തിയ പ്രോജക്ട് മാനേജരും കൺസൾട്ടൻസി പ്രതിനിധികളും അഴിച്ചുമാറ്റാൻ നിർദേശിച്ചിരിക്കുന്നത്. തുടർന്ന് അഴിച്ചുമാറ്റലും കെട്ടലും തകൃതിയായി നടക്കുകയാണ്.
ഡ്രോയിംഗിൽ വരുത്തിയ മാറ്റം അറിയാതെ പഴയ ഡ്രോയിംഗ് പ്രകാരം നിർമാണത്തൊഴിലാളികൾ കമ്പി കെട്ടിയതാണ് കമ്പികൾ അഴിച്ചുമാറ്റാൻ കാരണമായതെന്നാണ് അധികൃതർ രണ്ടിന് നൽകിയ വിശദീകരണം. എന്നാൽ പരിശോധനയ്ക്കെത്തിയ എൻജിനീയറിംഗ് വിഭാഗം കമ്പികൾ കെട്ടിയതിൽ അപാകത കണ്ടെത്തിയതിനെതുടർന്ന് ഇവ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികളും എൻജിനീയറിംഗിൽ യാതൊരു പ്രവൃത്തിപരിചയവുമില്ലാത്ത മേൽനോട്ടക്കാരുമാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മാസങ്ങളായി പ്രധാനപാത അടച്ചുകെട്ടി ബദൽ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ട് ബേസ്മെന്റ് വർക്കുകളുടെ കോൺക്രീറ്റിംഗ് അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് തുടർച്ചയായി അപാകതകൾ കണ്ടെത്തുന്നത്. നിർമാണ കമ്പനി ചിറങ്ങരയിൽ മാത്രമല്ല, കൊരട്ടിയിലും മുരിങ്ങൂരിലും നടത്തിയ ഡ്രെയ്നേജുകൾ അടക്കമുള്ള നിർമിതികൾ നിർമിക്കുകയും പൊളിക്കുകയും വീണ്ടും നിർമിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയായി മാറുകയാണ്.
നിർമാണ കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തനംമൂലം സമയനഷ്ടവും സാമ്പത്തികനഷ്ടവും ഗതാഗതക്കുരുക്കുമാണ് പൊതുസമൂഹം നേരിടേണ്ടിവരുന്നത്. ഇന്നലെ തുടങ്ങിയ കമ്പികളുടെ അഴിച്ചുമാറ്റലും വീണ്ടും കെട്ടുന്നതും രാത്രി വൈകിയും തുടരുകയാണ്. ഇന്ന് വൈകീട്ടോ നാളെയോ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി അനുമതിനൽകിയാൽ മാത്രമാണ് കോൺക്രീറ്റിംഗ് നടത്തുക.
ഇന്നലെയും ചിറങ്ങര മുതൽ മുരിങ്ങൂർ വരെ രാവിലെയും വൈകീട്ടും വൻഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. കൊരട്ടി സിഐ അമൃത് രംഗന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.