പ്രത്യാശയുടെ തീർഥാടകർ ഒഴുകിയെത്തി; ആദിമണ്ണ് ജനസാഗരമായി
1540384
Monday, April 7, 2025 2:02 AM IST
കെ.ടി. വിൻസന്റ്
പാലയൂർ: കിഴക്കുണരുംമുമ്പ് നടന്നുനീങ്ങിയവരുടെ മനസിൽ ഒന്നുമാത്രം - ജൂബിലി വർഷത്തിൽ മാർപാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ തീർഥാടകരാകണം. വിശ്വാസം പകർന്നുകിട്ടിയിടത്തുപോയി ഒരിക്കൽക്കൂടി വിശ്വാസപ്രഖ്യാപനം നടത്തണമെന്ന ചിന്തകൾക്കു മുകളിൽ മീനച്ചൂട് നിലാവായി.
തൃശൂർ ലൂർദ് കത്തീഡ്രലിൽ ഇന്നലെ പുലർച്ചെ അർപ്പിച്ച ദിവ്യബലിക്കുശേഷം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാനു കൈമാറിയ പേപ്പൽ പതാകയുമായി പുറപ്പെട്ട മുഖ്യപദയാത്ര രാവിലെ 11 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ എത്തിച്ചേർന്നു.
തൃശൂരിനൊപ്പം പുലർച്ചെ ചേലക്കര, എരുമപ്പെട്ടി, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, നിർമലപുരം, കണ്ടശാംകടവ്, പഴുവിൽ, മറ്റം, വലപ്പാട്, ചാവക്കാട് കടപ്പുറം എന്നീമേഖലകളിൽനിന്ന് പുറപ്പെട്ട 16 ഫൊറോനകളിൽ നിന്നുള്ള ഉപപദയാത്രകളും 11 ന് തീർഥകേന്ദ്രത്തിൽ എത്തിച്ചേർന്നു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂ സ് താഴത്ത്, ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ജനറൽ കൺവീനർ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജോയിന്റ് ജനറൽ കൺവീനർ സി.ഡി. ലോറൻസ്, കൺവീനർമാരായ എ.എൽ. കുരിയാക്കോ സ്, ബോബ് ഇലവത്തിങ്കൽ, ജോഫി ജോസ്, ട്രസ്റ്റിമാരായ സി.ഒ. ഫ്രാൻസിസ്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹെയ്സൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
രണ്ടാംഘട്ട തീർഥാടന പദയാത്രയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് 2.30ന് പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിൽനിന്നു പാവറട്ടി ഇടവക വികാരി റവ. ഡോ. ആന്റണി ചെമ്പകശേരി പതാക ഏറ്റുവാങ്ങി.
തുടർന്ന് വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ നേതൃത്വത്തിലുള്ള പദയാത്ര പാലയൂർ തീർഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. പേപ്പൽ പതാക ബിഷപ്പുമാർ സ്വീകരിച്ചു. തുടർന്ന് പൊതുസമ്മേളനത്തിനു തുടക്കമായി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂ സ് താഴത്ത് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനംചെയ്തു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യാതിഥിയായി. ഫ്രാൻസിൽനിന്ന് എത്തിച്ചേർന്ന ഏവ്ര് ദോറിയോ സെക്രട്ടറി ജനറൽ മോൺ. പാസ്കൽ ഗോൾനിഷ്, പാസ്റ്ററൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലയൂർ മഹാതീർഥാടനത്തിന്റെ ജനറൽ കൺവീനർ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ചെയർമാൻ വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, വൈസ് ചെയർമാൻ മോൺ. ജോസ് കോനിക്കര, വർക്കിംഗ് ചെയർമാൻ റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, വൈസ് ചെയർമാൻ ഫാ. ഡൊമിനിക് തലക്കോടൻ, ഫാ. സിജോ പൈനാടത്ത്, ഫാ. ക്ലിന്റ് പാണേങ്ങാടൻ, ഫാ. അജിത്ത് കൊള്ളന്നൂർ, സിസ്റ്റർ മെറിൻ, ഡോ. മേരി റെജീന, ജോ. കൺവീനർ ഫാ. ഡിക്സൺ കൊളമ്പ്രത്ത്, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, കൈക്കാരൻ സേവ്യർ വാകയിൽ, ഫൊറോന ജനറൽ കൺവീനർ തോമസ് ചിറമ്മൽ, ഫോറോന കൗൺസിൽ സെക്രട്ടറി പി.ഐ. ലാസർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹദിവ്യബലിയും നടന്നു.
സെക്രട്ടറി ബിനു താണിക്കൽ, പിആർഒ ജെഫിൻ ജോണി, ജോഫി ജോയ്, ജെറിൻ ജോസ്, ജോ യ് ചിറമ്മൽ, തോമസ് വാക യിൽ തുടങ്ങിയവർ നേതൃത്വംനൽകി. രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലിയും നേർച്ച ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.