സെപ്റ്റിക് ടാങ്ക് മാലിന്യംതള്ളൽ: നടപടി ആവശ്യപ്പെട്ട് മേയർ പോലീസ് സ്റ്റേഷനിൽ
1540170
Sunday, April 6, 2025 6:44 AM IST
തൃശൂർ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന സംഘങ്ങൾക്കെതിരേ കർശനനടപടിയെടുക്കണമെന്ന ആവശ്യവുമായി കോർപറേഷൻ മേയർ എം.കെ. വർഗീസ് ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. ഇതുസംബന്ധിച്ച് മേയർ നേരിട്ടു പോലീസിനു പരാതി നൽകി.
കഴിഞ്ഞ ദിവസം അർധരാത്രി കിഴക്കേകോട്ട ഫാത്തിമ നഗറിൽ സെപ്റ്റിക് ടാങ്ക് മാലിന്യം ഒരു സംഘം ലോറിയിൽ കൊണ്ടുവന്ന് തളളുന്നതിനിടെ കോർപറേഷന്റെ ഹെൽത്ത് നൈറ്റ് സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരെ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
മാലിന്യമുക്ത നവകേരളസൃഷ്ടിയുടെ പൂർണതയിൽ തൃശൂർ കോർപറേഷനും ഭാഗമായി എത്തിനിൽക്കുന്ന ഈ സമയത്ത് ഇത്തരം സാമൂഹ്യവിരുദ്ധർ നാടിന് ആപത്തായി മാറുകയാണെന്നു മേയർ പറഞ്ഞു. ഇവർക്കെതിരേ പോലീസ് കർശനനടപടി സ്വീകരിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.
തൃശൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും ഒഴിഞ്ഞ സ്ഥലത്തു പ്റ്റിക് ടാങ്ക് മാലിന്യം തള്ളുസംഘങ്ങൾ വ്യാപകമാണ്. കോർപറേഷനിലെ ഡിവിഷനുകൾ മാലിന്യമുക്തമാക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന സംഘങ്ങൾ ആരെയും കൂസാതെ നിർബാധം പാടത്തും പറന്പിലും തോട്ടിലുമൊക്കെ മാലിന്യം തള്ളുന്നത്. ഇതിനെതിരേ മേയർതന്നെ രംഗത്തെത്തിയതോടെ പോലീസ് കർശനനടപടികളിലേക്കു കടക്കുമെന്നുറപ്പായി.