ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർയാത്രികൻ മരിച്ചു
1540326
Sunday, April 6, 2025 11:54 PM IST
കേച്ചേരി: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശേരി സ്വദേശി തെക്കേക്കര വീട്ടിൽ തോമസാ(50)ണ് മരിച്ചത്. ഇന്നലെ രാത്രി 8.45നാണ് അപകടം.
തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ തിരിയുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു.
സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ കരുവന്നൂർ സ്വദേശി സജീഷി(45)നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. തോമസിന്റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: സിനി. മക്കൾ: അലീന, അലൻ.