മലയാളസാഹിത്യത്തിന്റെ നാഴികക്കല്ലാണ് സാറാ ജോസഫ്: ബാനു മുഷ്താഖ്
1540173
Sunday, April 6, 2025 6:44 AM IST
തൃശൂർ: "സാറാ ജോസഫിന്റെ ലോകങ്ങൾ - ജീവിതം എഴുത്ത് പ്രതിരോധം' എന്ന പരിപാടിക്കു സാഹിത്യ അക്കാദമിയിൽ തുടക്കമായി. പ്രമുഖ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യത്തിന്റെ നാഴികക്കല്ലാണ് സാറാ ജോസഫ് എന്നും സാഹിത്യത്തിലൂടെ സത്യം, നീതി, ശക്തീകരണം എന്നിവയോടുള്ള സാറാ ജോസഫിന്റെ പ്രതിബദ്ധതയെക്കുറിച്ചും ബാനു മുഷ്താഖ് പറഞ്ഞു. ചടങ്ങിൽ ഒരിക്കൽ ഒരു സ്ത്രീയാകൂ, ഓ കർത്താവേ എന്ന കവിത അവർ തന്റെ അമ്മയ്ക്കു സമർപ്പിച്ചു.
തെലുഗു എഴുത്തുകാരി വോൾഗയ മുഖ്യാതിഥിയായി. സാറാ ജോസഫും താനും ഒരേ ഇടത്തിൽനിന്നാണ് എഴുതുന്നതെന്നും ഒരേ പോരാട്ടങ്ങൾ നടത്തുന്നുവെന്നും അവർ പറഞ്ഞു. എഴുത്ത് തനിക്ക് ഒരു കല മാത്രമല്ല അത് ആക്ടിവിസംകൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. എൻ.എസ്. മാധവൻ, ഖദീജ മുംതാസ്, പ്രഫ. കുസുമം ജോസഫ്, പി. ബാലചന്ദ്രൻ എംഎൽഎ, പി.എൻ. ഗോപികൃഷ്ണൻ, പെപ്പിൻ തോമസ്, ഡോ. സോയ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.