ലഹരിവേണം ജീവിതത്തോട്
1540683
Tuesday, April 8, 2025 1:55 AM IST
സി.ജി. ജിജാസൽ
തൃശൂർ: "ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കാ...കൊല്ലാതിരിക്കാൻ പറ്റേ്വാ'എന്ന ചോദ്യം ചോദിച്ച് കാണികളുടെ കണ്ണുനിറച്ചത് ലാലേട്ടൻ ആണെങ്കിൽ ഇന്നിപ്പോൾ അത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്ക് മറുപടിമാത്രമല്ല, പുതിയൊരു ജീവിതവും സമ്മാനിക്കുകയാണ് തൃശൂരിന്റെ സ്വന്തം റൂറൽ പോലീസ്. ലഹരികേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ കൃത്യമായ കൗണ്‍സലിംഗ് നടത്തി കുട്ടികൾ അടക്കമുള്ളവരെ പുതിയ ജീവിതത്തിലേക്ക് അവർ കൂട്ടിക്കൊണ്ടുവരികയാണ് നവജീവൻ പദ്ധതിയിലൂടെ.
പദ്ധതി നടപ്പാക്കി വെറും രണ്ടാഴ്ചകൊണ്ട് കൗണ്‍സലിംഗിന് എത്തിയവരുടെ എണ്ണം അൻപതും കടന്നു മുന്നോട്ടുപോകുകയാണ്. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്നുള്ളതു ലഹരി സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങി എന്നു വ്യക്തമാക്കുകയാണ്. കഴിഞ്ഞ മാസം 18 മുതൽ 31 വരെയുള്ള കണക്കുകൾപ്രകാരം 18 വയസിനു താഴെയുള്ള ആറു കുട്ടികളാണ് കൗണ്‍സലിംഗ് സേവനം തേടിയത്. 18നും 21 നും ഇടയിൽ 21 പേരും 21 നു മുകളിൽ 25 പേരും കൗണ്‍സലിംഗ് തേടിയതായാണ് റിപ്പോർട്ടുകൾ. ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കാൻ തുടങ്ങിയതാണ് ഇത്തരം കേസുകൾ ഉയരാൻ ഇടയായത്.
കൗണ്‍സലിംഗിൽ എത്തുന്നവരിൽ ഭൂരിഭാഗംപേർക്കും പറയാനുള്ളതു സമാനമായ കാര്യങ്ങൾ തന്നെയാണ്. പലരും സമപ്രായത്തിൽ ഉള്ള കുട്ടികൾ വഴിയാണ് ലഹരിയുടെ ലോകത്തേക്കു വരുന്നത്. മറ്റുചിലർ സിംഗിൾ പാരന്റിംഗ് മൂലവും മാതാപിതാക്കൾ വിദേശത്തായ കുട്ടികളും ലഹരിയുടെ ലോകത്തേക്കു ചുവടുവയ്ക്കാൻ ഇടയാകുന്നുവെന്നുമാണ് പറയപ്പെടുന്നത്. കൗണ്‍സലിംഗിൽ എത്തുന്നവരിൽ പെണ്‍കുട്ടികളും ഉൾപ്പെടുന്നുണ്ട്.
നല്ല ഉറക്കം, എൻജോയ്മെന്റ്, പഠിക്കാനുള്ള ഏകാഗ്രത എന്നിവ ലഭിക്കുമെന്ന മോഹനവാഗ്ദാനത്തിൽ സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും ലഭിക്കുന്ന തെറ്റായ സന്ദേശങ്ങളാണ് ഇവരെ ലഹരിക്ക് അടിമകളാകുന്നത്.
എന്നാൽ കൗണ്‍സലിംഗിന് എത്തിയവരിൽ ഭൂരിഭാഗം പേരും ഇന്നിപ്പോൾ ലഹരിയിൽനിന്നും മുക്തിനേടി പുതിയ ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.
കരുതൽ വേണം, കൂട്ടായാലും
കുടുംബമായാലും
സോഷ്യൽ മീഡിയകളുടെ കടന്നുകയറ്റം കുടുംബങ്ങളിൽപോലും പരസ്പരം സംഭാഷണങ്ങൾ നഷ്ടപ്പെടുത്തുന്ന ഈ കാലത്ത് ഒരു മണിക്കൂർ നേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കാൻ ശ്രമിക്കണം. ഭക്ഷണം ഒരുക്കാനായാലും വീട് വൃത്തിയാക്കാനായാലും എല്ലാവരും ഒരേമനസോടെ കടന്നുവരണം. ആണ് -പെണ് വേർതിരിവ് ഒഴിവാക്കണം. നോ പറയേണ്ട ഇടത്ത് നോ പറയാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൃത്യമായ ബോധ വത്കരണം നൽകണം: തൃശൂർ റൂറൽ വനിതാ പോലീസ് എസ്ഐ ഇ.യു. സൗമ്യ പറഞ്ഞു.
നവജീവൻ പദ്ധതി
നിരോധിത ലഹരിപദാർഥങ്ങൾ ആദ്യമായി ഉപയോഗിക്കുന്നവർക്കും അവ ഉപയോഗിച്ചതിനാൽ തിരികെ ജീവിതത്തിലേക്കു മടങ്ങിവരാൻ കഴിയാത്തവർക്കും തിരികെവരാൻ ആഗ്രഹിക്കുന്നവർക്കുമായാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ 18 മുതലാണ് റൂറൽ പോലീസ് ഈ പദ്ധതിയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്താൻ തുടങ്ങിയത്.
ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററുകളിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ സെന്റർ റീസോഴ്സ് പേഴ്സണ്‍മാരും കൗണ്‍സലിംഗ് നൽകിവരുന്നുണ്ട്.