വേറിട്ട ശബ്ദവുമായി കടലിന്റെ മക്കൾ; നയിച്ചത് ആർച്ച്ബിഷപ്
1540385
Monday, April 7, 2025 2:02 AM IST
ചാവക്കാട്: പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ നടത്തിയ പദയാത്ര വേറിട്ട പ്രാർഥന കൊണ്ടു ശ്രദ്ധേയമായി. സീസൺ മത്സ്യബന്ധനവും മത്സ്യബോട്ടിലെ ജോലിയുമായി ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ചാവക്കാട് മേഖലയിൽ തമ്പടിച്ചിട്ടുണ്ട്.
കൊല്ലം തിരുവനന്തപുരം, കു ളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ തെക്കൻ ചേട്ടൻമാർ എന്നുവിളിക്കുന്ന നൂറുകണക്കിനു മത്സ്യ ത്തൊഴിലാളികളാണ് വിശുദ്ധ കുരിശും പേപ്പൽ പതാകയും തൊപ്പിയും ധരിച്ച് കുരിശിന്റെ വഴിയുടെ പ്രാർഥനയും പാട്ടും തമിഴ് ഭാഷയിൽ ഉച്ചത്തിൽ ചൊല്ലി പദയാത്രയിൽ പങ്കാളികളായത്.
ബ്ലാങ്ങാട് സാന്ത്വനതീരത്തുനിന്ന് ആരംഭിച്ച പദയാത്ര നയിക്കാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എത്തിയതോ ടെ കടലിന്റെ മക്കൾ ആവേശത്തിലായി. ബ്ലാങ്ങാട് നിന്നാരംഭിച്ച് ചാവക്കാട് ടൗൺ വഴി പാലയൂർ പള്ളിയിൽ എത്തി തമിഴിൽ സമാപനപ്രാർഥന ഏറ്റു ചൊല്ലിയാണ് സമാപിച്ചത്.
തീർഥാടന പദയാത്രയ്ക്ക് ഫാ. ജോജു ആളൂർ, ഫാ. ഡിക്സൺ കൊളമ്പറത്ത്, ഒ.എ. മാത്യൂസ്, ടോണി ആന്റണി, പനക്കൽ ജോസ്, എം.എ. അരുൺ, പി. ജെസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.