ആശുപത്രി കെട്ടിടം അനാഥം: ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു
1540396
Monday, April 7, 2025 2:02 AM IST
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ കെട്ടിടവും ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. കോവിഡ്, നിപ പോലുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഐസൊലേഷൻ വാർഡ് അനാഥമായി കിടക്കുന്നു. 2022 ഡിസംബറിൽ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
രണ്ടു വർഷം പിന്നിട്ടിട്ടും ഐസൊലേഷൻ വാർഡിലേക്കുള്ള വഴിയോ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയോ എങ്ങും എത്തിയില്ല. ജില്ലാ പഞ്ചായത്ത്, സംസ്ഥാന സർക്കാർ, ആരോഗ്യ വകുപ്പ് എന്നിവർ ചേർന്ന് 1.79 കോടി രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. കെട്ടിടത്തിലുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു തുടങ്ങി.
2400 സ്ക്വയർ ഫീറ്റിൽ പ്രീ- ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമിച്ച കെട്ടിടത്തിൽ 10 കിടക്കകളുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. എന്നാൽ ഇതൊക്കെ ഉപയോഗിക്കാതെ നശിച്ചു കൊണ്ടിരിക്കുകയാണന്നാണ് നാട്ടുകാരുടെ ആക്ഷേപം.