സ്പോർട്സ് കൗണ്‍സിൽ ജിംനേഷ്യം സെന്ററിലെ പരിശീലകനു സസ്പെൻഷൻ
1540686
Tuesday, April 8, 2025 1:55 AM IST
തൃശൂർ: പരിശീലനത്തിനെത്തിയ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്ത ജില്ലാ സ്പോ ർട്സ് കൗണ്‍സിൽ ജിംനേഷ്യം സെന്ററിലെ പരിശീലകനെ സസ്പെൻഡ് ചെയ്തു. ദീപിക വാ ർത്തയെതുടർന്നാണ് നടപടി.
പരിശീലനത്തിനെത്തിയ ചേറൂർ സ്വദേശിനിയെ മാനസികമായി പീഡിപ്പിച്ച പരിശീലകൻ, ശരിയായ പരിശീലനം നൽകാതെ അവഗണിച്ചെന്നും അനാവശ്യസ്പർശനം നടത്തിയെന്നുമുള്ള പരാതിയെക്കുറിച്ച് ശനിയാഴ്ച ദീപിക വാർത്ത പ്രസദ്ധീകരിച്ചിരുന്നു.
എട്ടുമാസങ്ങൾക്കുമുൻപ് പരിശീലനത്തിനെത്തിയ യുവതിക്കെതിരേ തുടർച്ചയായ അവഗണനയും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടും നടപടി എടുക്കാൻ മടിച്ച ജില്ലാ സ്പോർട്സ് കൗണ്‍സിലിനെതിരേ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ മുന്നറിയിപ്പുനൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗമാണ് പരിശീലകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പരിശീലനം മുടങ്ങാതിരിക്കാൻ താത്കാലികമായി സ്റ്റാഫിനെ നിയമിച്ചിട്ടുമുണ്ട്.