ഹൈക്കോടതി കണ്ണുരുട്ടി; സ്വരാജ് റൗണ്ടിലെ നടപ്പാത നിർമാണം ഉടൻ തുടങ്ങും
1540164
Sunday, April 6, 2025 6:37 AM IST
തൃശൂർ: സ്വരാജ് റൗണ്ടിൽ കുട്ടികളുടെ പാർക്ക് മുതൽ ഭൂഗർഭപ്പാതവരെയുള്ള നടപ്പാതയ്ക്ക് ഒടുവിൽ ശാപമോക്ഷം. ടൈൽ വിരിക്കാതെ ശോച്യാവസ്ഥ നേരിട്ട നടപ്പാതയിൽ ഒരാഴ്ചയ്ക്കകം നിർമാണം തുടരുമെന്നു തൃശൂർ കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയെത്തുടർന്നാണു നടപടി.
2023ൽതന്നെ വിഷയത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ഉത്തരവ് വന്ന് മാസം ആറു പിന്നിട്ടിട്ടും കോർപറേഷൻ നിർമാണം നടത്തിയിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽ കോടതിയലക്ഷ്യഹർജി നൽകിയതിനെത്തുടർന്ന് കോടതി കോർപറേഷനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് അനുമതി ലഭിച്ചാൽ നിർമാണം നടത്തുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിക്കുകയും തുടർന്ന് കോടതിയലക്ഷ്യക്കേസ് പിൻവലിക്കുകയുമായിരുന്നു. എന്നാൽ 20 ലക്ഷം രൂപ വകയിരുത്തിയ ടെൻഡർ ആരും വിളിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ ടെൻഡർ നടപടികൾ നിർത്തിവച്ചതോടെ ഷാജി വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണു നിർമാണപ്രവർത്തങ്ങൾക്ക് ഒരു കോടി രൂപ വകയിരുത്തിയതായും നിർമാണം ഒരഴ്ചയ്ക്കകം ആരംഭിക്കാൻ കഴിയുമെന്നും കോർപറേഷൻ അറിയിച്ചത്. നിർമാണം ആരംഭിച്ചശേഷം കോടതിയെ അറിയിക്കണമെന്നു ജസ്റ്റിസ് ടി.ആർ. രവി ഉത്തരവിട്ടു.