ആശാപ്രവർത്തകർക്ക് 25,000 രൂപ വീതം വാർഷിക അലവൻസും ഫാമിലി ഇൻഷ്വറൻസും
1537508
Saturday, March 29, 2025 1:22 AM IST
ചാലക്കുടി: നഗരസഭ ബജറ്റിൽ ആശാപ്രവർത്തകർക്ക് 25,000 രൂപ വാർഷിക അലവൻസും ഫാമിലി ഇൻഷ്വറൻസും നൽകാൻ 10.80 ലക്ഷം രൂപ വകയിരുത്തി. 165.03 കോടി രൂപയുടെ വരവും 160.78 കോടിയുടെ ചെലവും 4.25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി അവതരിപ്പിച്ചതിന് അംഗീകാരം നൽകി.
നഗരസഭ ശക്തിസ്ഥൽ ക്രിമറ്റോറിയത്തിൽ നഗരസഭ പ്രദേശത്തെ മുഴുവൻ താമസക്കാരുടെയും മൃതസംസ്കാരം സൗജന്യമാക്കി. അങ്കണവാടി പ്രവർത്തകർക്കു പ്രത്യേക ഫാമിലി ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും. രാജീവ് ഗാന്ധി ടൗൺ ഹാൾ സാമൂഹ്യ- സാംസ്കാരിക പരിപാടികൾക്ക് വാടക ഇളവുകളോടെ അനുവദിക്കും. മിനി ഹാൾ, ലിഫ്റ്റ്, എസി ട്രാൻസ്ഫോർമർ, മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടി രൂപ വകയിരുത്തി.
നഗരസൗന്ദര്യവത്കരണം പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ നഗരസഭ വിഹിതം 25 ലക്ഷം ഉൾപ്പെടുത്തി. ഒരു കോടി രൂപയുടെ ജനകീയ പദ്ധതിയിലൂടെ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും റോഡുകളും പൊതുസ്ഥലങ്ങളും ശുചിത്വ സൗന്ദര്യവത്കരണപ്രവർത്തനങ്ങൾ നടപ്പാക്കും.
സുവർണഗൃഹം പദ്ധതിക്ക് ഒരു കോടി നീക്കിവച്ചു. താലൂക്ക് ആസ്ഥാന ആശുപത്രിക്കു രണ്ടുകോടി രൂപ വകയിരുത്തി. കൈവശക്കാർക്ക് ഭൂമിയുടെ ഉടമസ്ഥരേഖ കൈമാറും. ഗാന്ധിനഗറിലെ 19 വീട്, വെട്ടുകടവിലെ 16 പുര, ഉറുമ്പൻകുന്നിലെ എട്ടുവീട്, വെട്ടുകടവിലെ മൂന്നുവീട് എന്നിവർക്ക് ഭൂമിയുടെ ആധാരം കൈമാറ്റം ചെയ്തു നൽകും. പട്ടികജാതി ക്ഷേമത്തിന് 1.80 കോടി വകയിരുത്തി.
റോഡുകളുടെ നവീകരണത്തിന് 3.60 കോടി രൂപയും പുതിയ റോഡുകളുടെ നിർമാണത്തിന് 2.5 കോടി രൂപയും മോഡൽ റോഡുകളുടെ നിർമാണത്തിന് 50 ലക്ഷവും ട്രാംവെ - റെയിൽവേ സ്റ്റേഷൻ ബൈപ്പാസ് റോഡിന് 50 ലക്ഷവും വകയിരുത്തി.
സർക്കാർ ആശുപത്രിയിലെ ഡയാലിസ് രോഗികൾക്ക് 20 ലക്ഷം രൂപയും സ്വകാര്യ ആശുപത്രിയിൽ ഡയാലിസ് ചെയ്യുന്നവർക്ക് മാസം 4000 രൂപ വീതം നൽകുന്നതിനു 10 ലക്ഷം രൂപയും വകയിരുത്തി. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.